ഉറങ്ങില്ല തിരുവനന്തപുരം, നിർത്തില്ല സിനിമ! ഐഎഫ്എഫ്‌കെയിൽ 'സിനിമയുടെ ഉറങ്ങാത്ത നഗരം'


29, November, 2026
Updated on 29, November, 2026 8


തിരുവനന്തപുരം: 31-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ (ഐഎഫ്എഫ്‌കെ) സിനിമാപ്രേമികൾക്കായി പുലർച്ചെ 7 മണി മുതൽ അടുത്ത ദിവസം പുലർച്ചെ 3 മണിവരെ നീളുന്ന വിപുലമായ പ്രദർശന ക്രമീകരണം. ഡിസംബർ 11 മുതൽ 18 വരെ നടക്കുന്ന മേളയിൽ 'സിനിമയുടെ ഉറങ്ങാത്ത നഗരം' (Cinemayude Urangatha Nagaram) എന്ന ആശയത്തിൽ 19 വേദികളിലായാണ് സിനിമാപ്രദർശനങ്ങൾ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ടാഗോർ തിയേറ്റർ, നിശാഗന്ധി, കലാഭവൻ, കൈരളി എന്നീ നാല് പ്രധാന വേദികളിൽ പ്രത്യേക പ്രദർശന ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.


ഡിസംബർ 12 മുതൽ 17 വരെയുള്ള ഫെസ്റ്റിവൽ ദിവസങ്ങളിൽ ഓരോ വേദിക്കും പ്രത്യേക പ്രദർശന ക്രമീകരണങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ടാഗോർ തിയേറ്ററിൽ രാവിലെ 7 മണിക്ക് ആരംഭിക്കുന്ന പ്രദർശനങ്ങൾ വൈകുന്നേര ചിത്രങ്ങളിലൂടെയും അർധരാത്രി പ്രദർശനങ്ങളിലൂടെയും തുടരും. ഫെസ്റ്റിവലിലെ ഒന്നിടവിട്ട രാത്രികളിൽ പുലർച്ചെ 3 മണിക്കും പ്രത്യേക പ്രദർശനങ്ങൾ ഉണ്ടായിരിക്കും.


നിശാഗന്ധിയിൽ വലിയ പ്രേക്ഷക പങ്കാളിത്തമുള്ള വൈകുന്നേര പ്രദർശനങ്ങൾ, തിരഞ്ഞെടുത്ത പ്രീമിയറുകൾ, പ്രധാന ലോകസിനിമകൾ, പ്രത്യേക ആമുഖ പരിപാടികൾ എന്നിവയ്ക്ക് പ്രാധാന്യം നൽകും. കലാഭവനിൽ മലയാള സിനിമകൾ, റെട്രോസ്പെക്ടീവുകൾ, സംവിധായകരുടെ സാന്നിധ്യത്തിലുള്ള പ്രദർശനങ്ങൾ എന്നിവയ്ക്കൊപ്പം രാവിലെ 7 മണി മുതലുള്ള പ്രദർശനങ്ങളും ക്രമീകരിക്കും. കൈരളിയിൽ മത്സരവിഭാഗത്തിലെ ചിത്രങ്ങൾ, അന്താരാഷ്ട്ര സിനിമകളിലെ പുതിയ കണ്ടെത്തലുകൾ, ആവർത്തന പ്രദർശനങ്ങൾ എന്നിവയ്ക്കാണ് മുൻഗണന.


ടാഗോർ തിയേറ്ററിലെ പുലർച്ചെ 3 മണി പ്രദർശനങ്ങൾ ഡിസംബർ 13, 15, 17 തീയതികളിലാണ് നടക്കുക. അർധരാത്രി പ്രദർശനത്തിന് പിന്നാലെ പുലർച്ചെ 3 മണിക്കും തുടർന്ന് രാവിലെ 7 മണിക്കും സിനിമകൾ കാണാൻ കഴിയുന്ന രീതിയിലാണ് സമയക്രമം തയ്യാറാക്കുന്നത്.


നാല് പ്രധാന വേദികളിലെയും പ്രദർശന സമയങ്ങൾ പരസ്പരം ഏകോപിപ്പിച്ച് പ്രേക്ഷകർക്ക് കൂടുതൽ സിനിമകൾ കാണാനുള്ള അവസരമൊരുക്കും. സമാന പ്രേക്ഷകശ്രദ്ധ ലഭിക്കാൻ സാധ്യതയുള്ള ചിത്രങ്ങൾ വ്യത്യസ്ത സമയങ്ങളിൽ പ്രദർശിപ്പിക്കാനും പദ്ധതിയുണ്ട്. ഇതിലൂടെ ഒരു വേദിയിൽ നിന്ന് മറ്റൊരു വേദിയിലേക്ക് മാറി പ്രധാന പ്രദർശനങ്ങൾ ആസ്വദിക്കാൻ ഡെലിഗേറ്റുകൾക്ക് സാധിക്കും.പുലർച്ചെ 3 മണിക്ക് ആരംഭിക്കുന്ന ചിത്രത്തിന്റെ അവസാന സമയവും രാവിലെ 7 മണിയിലെ പ്രദർശനവും പരിഗണിച്ചായിരിക്കും സമയക്രമം അന്തിമമാക്കുക. ഡെലിഗേറ്റ് ആപ്പ്, തിയേറ്ററുകളിലെ അറിയിപ്പുകൾ എന്നിവയിൽ യഥാർഥ പ്രദർശന തീയതിയും സമയവും പ്രത്യേകം രേഖപ്പെടുത്തും.പുലർച്ചെ മുതൽ അർധരാത്രിയും കടന്ന് സിനിമയുടെ ലോകത്ത് പ്രേക്ഷകരെ നിലനിർത്തുന്ന ഈ പ്രദർശന ക്രമീകരണം 31-ാമത് ഐഎഫ്എഫ്‌കെയുടെ ശ്രദ്ധേയമായ സവിശേഷതയാകും. 19 വേദികളിലായി എട്ട് ദിവസം നീളുന്ന മേളയിലൂടെ തിരുവനന്തപുരം നഗരത്തെ സിനിമയുടെ ഉറങ്ങാത്ത നഗരമാക്കി മാറ്റുകയാണ് ലക്ഷ്യം




.






Feedback and suggestions