27, November, 2026
Updated on 27, November, 2026 2
കട്ടപ്പന: ഇടുക്കി ചിന്നക്കനാലിലെ അപകടകാരിയായ കാട്ടാന ചക്കക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ദൗത്യം മൂന്നാം ദിനത്തിലേക്ക്. ദൗത്യം ഇന്ന് പുനരാംരംഭിച്ചിട്ടുണ്ട്. ചക്കക്കൊമ്പന്‍ നിലവില്‍ നടുത്തുരുത്തി ഭാഗത്താണ്. ആന ഇപ്പോഴുള്ള സ്ഥലത്ത് നിന്ന് മാറി കിട്ടണം. ജലാശയത്തിന്റെ അടുത്തായതിനാല്‍ വെടിവെയ്ക്കാനാകില്ല. ആന പന്നിയാര്‍ എസ്‌റ്റേറ്റിലേക്ക് എത്തിയാല്‍ ദൗത്യം പ്രതിസന്ധിയിലാകും. ഇത് തടയാന്‍ ഒരു ബോട്ട് ടീം പുറപ്പെട്ടിട്ടുണ്ട്.
ഇന്നലെ അവസാനമായി കണ്ടെത്തിയ സ്ഥലത്ത് ചക്കക്കൊമ്പന്‍ അധിക ദൂരം പോയിട്ടില്ല. ഇന്നലെ രാത്രിയും ഇവിടെ തന്നെ ആയിരുന്ന ആന. രണ്ടുദിവസമായി തുടരുന്ന ദൗത്യത്തില്‍ ആന അക്രമകാരി ആകുന്നതും മയക്കുവെടിവയ്ക്കാന്‍ അനുയോജ്യമാകുന്ന സ്ഥലത്ത് ആന എത്താത്തതുമാണ് വെല്ലുവിളിയാകുന്നത്. ദൗത്യം പൂര്‍ത്തിയാക്കാന്‍ ഇന്നും ശ്രമം തുടരും. അതിന് കഴിഞ്ഞില്ലെങ്കില്‍ താല്‍ക്കാലികമായി ദൗത്യത്തിന് ഇടവേള ഇടാനാണ് തീരുമാനം. ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാല്‍ പഞ്ചായത്തിലെ ആറ് വാര്‍ഡുകളില്‍ നിരോധനാജ്ഞ തുടരുകയാണ്.
ആദ്യദിനത്തില്‍ വെടിയേറ്റ ശേഷം ദൗത്യസംഘത്തെ ആക്രമിക്കാന്‍ പാഞ്ഞടുത്ത കൊമ്പന്‍ ഇന്നലെ ശാന്തനായിരുന്നു. രാവിലെ ചെമ്പകത്തൊഴുകുടിയിലെ ഏലത്തോട്ടത്തിലാണ് ഇന്നലെ ആദ്യമായി കൊമ്പനെ കണ്ടെത്തിയത്. ദൗത്യസംഘം ആനയെ തുറസായ സ്ഥലത്തേക്ക് എത്തിക്കാന്‍ ശ്രമിച്ചെങ്കിലും കൊമ്പന്‍ അവിടെത്തന്നെ മണിക്കൂറുകളോളം തുടര്‍ന്നു. എന്നാല്‍ പിന്നീട് ആന സ്ഥലം മാറിയിരുന്നു.