1 കോടി ഗ്ലൗസുകൾ വാങ്ങിയത് നാലിരട്ടി വിലയ്ക്ക്, പകുതിയോളം ഉപയോഗിക്കാതെ നശിച്ചു! കോവിഡ് കാലത്തെ നഷ്ടം 7.09 കോടി, വിജിലൻസ് അന്വേഷണം


22, November, 2026
Updated on 22, November, 2026 5


തിരുവനന്തപുരം: കോവിഡ് കാലത്ത് ആരോഗ്യവകുപ്പിനായി കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ (കെ.എം.എസ്.സി.എൽ) ഒരു കോടി ഗ്ലൗസുകൾ ഉയർന്ന വിലയ്ക്ക് വാങ്ങിയതിൽ 7.09 കോടി രൂപയുടെ നഷ്ടമുണ്ടായതായി ആഭ്യന്തര വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തൽ. വാങ്ങിയ ഗ്ലൗസുകളിൽ പകുതിയിലേറെയും ഉപയോഗിക്കാതെ ഗോഡൗണുകളിൽ കെട്ടിക്കിടന്ന് നശിച്ചതായാണ് റിപ്പോർട്ട്. സംഭവത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും അന്നത്തെ കെ.എം.എസ്.സി.എൽ ജനറൽ മാനേജർ എസ്.ആർ. ദിലീപ് കുമാറിനെ പ്രതിയാക്കണമെന്നും പ്രാഥമിക റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. റിപ്പോർട്ട് ആഭ്യന്തരവകുപ്പിന് കൈമാറാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.


2021 ജൂൺ, ജൂലൈ മാസങ്ങളിലാണ് അഗ്രത അവോൺ എക്സിം എന്ന കമ്പനിയിൽനിന്ന് ഒരു കോടി ഗ്ലൗസുകൾ ഒന്നിന് 12.10 രൂപ നിരക്കിൽ വാങ്ങാൻ തീരുമാനിച്ചത്. കമ്പനിയുമായി വിലപേശലോ ചർച്ചകളോ നടത്തിയിരുന്നില്ലെന്നാണ് കണ്ടെത്തൽ. എന്നാൽ ഇതേ കാലയളവിൽ മറ്റൊരു കമ്പനിയിൽനിന്ന് 7.72 രൂപയ്ക്കും അടുത്ത വർഷം 3.10 രൂപയ്ക്കും ഗ്ലൗസുകൾ വാങ്ങിയിരുന്നു. 12 കോടി രൂപയുടെ ഓർഡർ നൽകിയതിനൊപ്പം സെക്യൂരിറ്റിയില്ലാതെ 6.07 കോടി രൂപ മുൻകൂറായി നൽകിയതിലും ക്രമക്കേടുണ്ടെന്നാണ് റിപ്പോർട്ടിലെ ആരോപണം. 15 ദിവസത്തിനകം വിതരണം പൂർത്തിയാക്കേണ്ട കരാറിൽ 30 ദിവസംകൊണ്ട് 41.60 ലക്ഷം ഗ്ലൗസുകൾ മാത്രമാണ് കമ്പനി എത്തിച്ചത്.പിന്നീട് കമ്പനി എത്തിച്ച ബാക്കി 58.40 ലക്ഷം ഗ്ലൗസുകൾ തിരുവനന്തപുരത്തെയും എറണാകുളത്തെയും ഗോഡൗണുകളിൽ സൂക്ഷിച്ചെങ്കിലും ഉപയോഗിക്കാതെ നശിക്കുകയായിരുന്നു. അതേസമയം മറ്റു കമ്പനികളിൽനിന്നും കോടിക്കണക്കിന് ഗ്ലൗസുകൾ വാങ്ങുകയും ചെയ്തു. കാലാവധി കഴിഞ്ഞ് ഗ്ലൗസുകൾ നശിച്ചതിലൂടെ സർക്കാരിന് 7.09 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തൽ. സംഭവത്തിൽ വിശദമായ വിജിലൻസ് അന്വേഷണം നടത്താനുള്ള നടപടികളാണ് ഇനി മുന്നിലുള്ളത്.





Feedback and suggestions