25, October, 2026
Updated on 25, October, 2026 9
സാമൂഹിക മാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാരിന്റെ വികസനനേട്ടങ്ങളും പദ്ധതികളും കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ വ്ലോഗർമാരെയും ഇൻഫ്ലുവൻസർമാരെയും രംഗത്തിറക്കാൻ ബി.ജെ.പി.യുടെ നീക്കം. ‘ദർശൻ ഇന്ത്യ’ എന്ന പേരിൽ സാമൂഹിക മാധ്യമ സൃഷ്ടാക്കൾക്ക് സൗജന്യമായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ സന്ദർശിക്കാനും ചെറുവീഡിയോകൾ തയ്യാറാക്കാനും അവസരമൊരുക്കാനാണ് പദ്ധതി. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്നുള്ള ഇൻഫ്ലുവൻസർമാരെ ഇതിനായി തിരഞ്ഞെടുക്കുന്നുണ്ട്. കേരളത്തിൽനിന്ന് അഞ്ഞൂറിലേറെ പേരെ കണ്ടെത്തി കേന്ദ്രനേതൃത്വത്തിന് കൈമാറിയതായാണ് വിവരം.
ഒരു നിയമസഭാ മണ്ഡല പരിധിയിൽനിന്ന് കുറഞ്ഞത് മൂന്നുപേരെയെങ്കിലും കണ്ടെത്താനാണ് നിർദേശം നൽകിയിരുന്നത്. ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ പ്രാദേശികമായി ആയിരക്കണക്കിന് അനുയായികളുള്ളവരെയാണ് പ്രധാനമായും പരിഗണിക്കുന്നത്. യാത്ര, ഭക്ഷണം, സാങ്കേതികവിദ്യ, ഫിറ്റ്നസ് തുടങ്ങിയ മേഖലകളിലെ ഇൻഫ്ലുവൻസർമാരെ ഉൾപ്പെടുത്തി വികസനനേട്ടങ്ങൾ അവരുടെ അനുയായികളിലേക്ക് എത്തിക്കാനാണ് ലക്ഷ്യം. ഇതിനായി ബി.ജെ.പി.യുടെ ഡിജിറ്റൽ വിഭാഗം ശിൽപശാലകളും കൂടിക്കാഴ്ചകളും സംഘടിപ്പിക്കും. യാത്രാച്ചെലവുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പാർട്ടി വഹിക്കുമെന്നാണ് പദ്ധതി.നേരിട്ട് രാഷ്ട്രീയ പ്രചാരണം നടത്തുന്നതിനുപകരം വ്ലോഗർമാരിലൂടെ സന്ദേശങ്ങൾ എത്തിക്കുന്നത് കേരളം പോലുള്ള സംസ്ഥാനങ്ങളിൽ കൂടുതൽ ഗുണകരമാകുമെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. നേരത്തേ കേന്ദ്രസർക്കാരിന്റെ ഭരണനേട്ടങ്ങൾ പരിചയപ്പെടുത്താനെന്ന പേരിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽനിന്നുള്ള വ്ലോഗർമാരെ ഉത്തർപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലേക്ക് കൊണ്ടുപോയി വീഡിയോകൾ തയ്യാറാക്കി പ്രചരിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ നീക്കവും വിലയിരുത്തപ്പെടുന്നത്.
തിരഞ്ഞെടുപ്പ് കമ്മിഷനും വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിഷ്കരണ നടപടിയായ എസ്.ഐ.ആറിനുമെതിരായ പ്രതിഷേധങ്ങളെ പ്രതിരോധിക്കാനും ഇൻഫ്ലുവൻസർമാരെ ഉപയോഗിക്കാൻ ബി.ജെ.പി. തീരുമാനിച്ചിട്ടുണ്ട്. ഒരു ലോക്സഭാ മണ്ഡലത്തിൽ രണ്ടായിരം സാമൂഹിക മാധ്യമ ഇൻഫ്ലുവൻസർമാരെ നേരിൽക്കണ്ട് പാർട്ടിയുടെ വാദങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോകൾ തയ്യാറാക്കി പ്രചരിപ്പിക്കാനാണ് നിർദേശം. സമൂഹത്തിലെ പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്താൻ മുതിർന്ന സംസ്ഥാന നേതാക്കൾതന്നെ താഴെത്തട്ടിലേക്ക് ഇറങ്ങണമെന്നും ദേശീയ കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലെ സ്വാധീനം രാഷ്ട്രീയ പ്രചാരണത്തിനായി കൂടുതൽ പ്രയോജനപ്പെടുത്തുകയാണ് ഈ നീക്കങ്ങളുടെ ലക്ഷ്യം.