23, October, 2026
Updated on 23, October, 2026 6
ന്യൂഡൽഹി: ടിബറ്റിൽ ശക്തമായ ഭൂചലനം. ഇന്നലെ വൈകുന്നേരം ഇന്ത്യൻ സമയം 8:03നാണ് ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം, അരുണാചൽ പ്രദേശിലെ പാൻഡിനിൽ നിന്ന് ഏകദേശം 489 കിലോമീറ്റർ വടക്ക്-വടക്കുപടിഞ്ഞാറായി 173 കിലോമീറ്റർ ആഴത്തിലാണെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
ആദ്യ ഭൂചലനം അനുഭവപ്പെട്ട് അരമണിക്കൂറിനുള്ളിൽ, അതായത് 8:42ന് 5 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവും കൂടി അനുഭവപ്പെട്ടു. അരുണാചൽ പ്രദേശിലെ ബാസറിൽ നിന്ന് ഏകദേശം 323 കിലോമീറ്റർ വടക്ക്-വടക്കുപടിഞ്ഞാറായി 15 കിലോമീറ്റർ ആഴത്തിലാണ് ഇതിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി ഡാറ്റയിൽ വ്യക്തമാക്കുന്നു. ഇതിനിടയിൽ, ഇന്ത്യൻ സമയം വൈകുന്നേരം 8:29ന് ചൈനയിലും 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. അരുണാചൽ പ്രദേശിലെ പങ്കിനിൽ നിന്ന് ഏകദേശം 505 കിലോമീറ്റർ വടക്ക്-വടക്കുപടിഞ്ഞാറായി 15 കിലോമീറ്റർ ആഴത്തിലാണ് ഈ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
നേപ്പാൾ - ടിബറ്റൻ അതിർത്തിയിലുണ്ടായ മിന്നൽ പ്രളയം വ്യാപക നാശം വിതച്ചതിന് പിന്നാലെയാണ് ടിബറ്റിൽ പുതിയ ഭൂചലനങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ മിന്നൽ പ്രളയത്തിൽ 1400ലധികം പേർക്കാണ് ജീവൻ നഷ്ടമായത്. നേപ്പാൾ - ടിബറ്റൻ അതിർത്തിയിൽ നിന്ന് ആരംഭിച്ച പ്രളയത്തിൽ നേപ്പാളിൽ മാത്രം ആയിരക്കണക്കിന് ആളുകൾക്ക് വീടടക്കം നഷ്ടപ്പെട്ടിരുന്നു. തുടർച്ചയായ പ്രകൃതിദുരന്തങ്ങൾ പ്രദേശത്ത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.