23, October, 2026
Updated on 23, October, 2026 5
നിലവിലെ ലോകക്രമത്തിൽ സങ്കീർണ്ണമായ വെല്ലുവിളികൾക്ക് മുന്നിൽ ഐക്യരാഷ്ട്രസഭയുടെയും ആഗോള സ്ഥാപനങ്ങളുടെയും പരിമിതികൾ കൂടുതൽ പ്രകടമായിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിടിവി വേൾഡ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറുന്ന യാഥാർത്ഥ്യങ്ങൾക്കനുസരിച്ച് ആഗോള തീരുമാനമെടുക്കൽ പ്രക്രിയകൾ മാറേണ്ടതുണ്ടെന്നും നിലവിലെ ആഗോള സാഹചര്യത്തെ 'ക്രമങ്ങൾക്കിടയിലെ ലോകം' എന്ന് വിശേഷിപ്പിക്കാമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.ലോകക്രമം എന്തുകൊണ്ട് മാറിക്കൊണ്ടിരിക്കുന്നുവെന്നും പഴയ ആഗോള ക്രമത്തിന് ഇന്നത്തെ വെല്ലുവിളികൾക്ക് പരിഹാരം കാണാൻ കഴിയാത്തത് എന്തുകൊണ്ടാണെന്നും നാം തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭാഷണം, സഹകരണം, സമാധാനപരമായ തർക്കപരിഹാരം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഐക്യരാഷ്ട്രസഭ സ്ഥാപിതമായത്. പതിറ്റാണ്ടുകളായി ആഗോള സഹകരണവും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിൽ യു.എൻ. സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. എന്നാൽ, കാലത്തിനനുസരിച്ച് പുതിയ അഭിലാഷങ്ങളും സമ്പദ്വ്യവസ്ഥകളും ശക്തികളും ഉദയം ചെയ്യുകയും ലോകത്തിനു മുന്നിലുള്ള വെല്ലുവിളികൾ മുൻപത്തേക്കാൾ വളരെ സങ്കീർണമായി മാറുകയും ചെയ്തിരിക്കുന്നു.
ശക്തിയുടെയും താൽപര്യങ്ങളുടെയും അടിസ്ഥാനത്തിൽമാത്രം ലോക വ്യവസ്ഥിതികൾക്ക് മുന്നോട്ടുപോകാൻ കഴിയില്ലെന്നും, നിലവിലുള്ള വെല്ലുവിളികൾക്ക് മുന്നിൽ ആഗോള സ്ഥാപനങ്ങളുടെ പരിമിതികൾ വ്യക്തമാണെന്നും മോദി ചൂണ്ടിക്കാട്ടി. ഈ മാറുന്ന ലോകത്ത് പുതിയ ശബ്ദങ്ങൾ അവയുടെ സ്ഥാനം ആവശ്യപ്പെടുന്നുണ്ടെന്നും പുതിയ വെല്ലുവിളികൾക്ക് പുതിയ പരിഹാരങ്ങൾ ആവശ്യമാണെന്നും വ്യക്തമാക്കിയ പ്രധാനമന്ത്രി, മാറിക്കൊണ്ടിരിക്കുന്ന ലോകക്രമത്തിന് അനുയോജ്യമായ രീതിയിൽ ആഗോള ഭരണസംവിധാനങ്ങളിൽ സമഗ്രമായ പരിഷ്കാരങ്ങൾ വരുത്തേണ്ടതിന്റെ ആവശ്യകതയും എടുത്തുപറഞ്ഞു.