സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് നേരെ സൈബർ ആക്രമണം ; 3,897 ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തി ഡാർക്ക് വെബ്


21, October, 2026
Updated on 21, October, 2026 9




രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് നേരെ സൈബർ ആക്രമണം. സൈബർ സുരക്ഷയിൽ ലംഘനം ഉണ്ടായതായും 3,897 ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായും ബാങ്ക് സ്ഥിരീകരിച്ചു. ഒക്ടോബർ 16-ന് കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം, ഡിഫൻസ് സൈബർ ഏജൻസി എന്നിവരിൽ നിന്ന് ലഭിച്ച മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ബാങ്ക് ഈ വിഷയം അന്വേഷിച്ചത്. ചോർന്ന വിവരങ്ങളിൽ ഉപഭോക്താക്കളുടെ പേരുകൾ, ഫോൺ നമ്പറുകൾ, ജനനത്തീയതി, ഇമെയിൽ വിലാസങ്ങൾ, പാർപ്പിട വിലാസങ്ങൾ, വായ്പയുമായി ബന്ധപ്പെട്ട രേഖകൾ എന്നിവ ഉൾപ്പെടുന്നു. ഡാർക്ക് വെബിൽ ലഭ്യമായ മൂന്നര ലക്ഷത്തോളം രേഖകൾ പരിശോധിച്ചപ്പോഴാണ് ഈ 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നതായി വ്യക്തമായത്. സിറിയസ് ഇം എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു ഹാക്കർ ഗ്രൂപ്പാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്ന് ആരോപണമുണ്ട്. എന്നാൽ ഈ സംഭവത്തെ തുടർന്ന് ഉപഭോക്താക്കൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും സാമ്പത്തിക ഇടപാടുകളെയും പ്രധാന ബാങ്കിംഗ് പ്രവർത്തനങ്ങളെയും ഇത് ബാധിച്ചിട്ടില്ലെന്നും എസ്ബിഐ ഉറപ്പുനൽകുന്നു.സംഭവത്തെക്കുറിച്ച് വിശദമായി പഠിക്കാനും സുരക്ഷ ശക്തമാക്കാനും ബാങ്ക് ഒരു സ്വതന്ത്ര സൈബർ സുരക്ഷാ ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ ലംഘനം ഉണ്ടായ സാഹചര്യം പരിഹരിക്കാൻ ഉടൻ തന്നെ പ്രതിരോധ നടപടികൾ സ്വീകരിച്ചതായി ബാങ്ക് അധികൃതർ അറിയിച്ചു. ബാങ്കിന്റെ ദൈനംദിന സേവനങ്ങൾ തടസ്സമില്ലാതെ സാധാരണ നിലയിൽ തുടരുമെന്നും ഓഹരി വിപണിയെ അറിയിച്ച റിപ്പോർട്ടിൽ ബാങ്ക് വ്യക്തമാക്കുന്നു.


​




​




Feedback and suggestions