24, October, 2026
Updated on 24, October, 2026 3
ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ വിപുലമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ഇരു രാജ്യങ്ങളിലെയും സർക്കാരുകൾക്ക് നിർദ്ദേശം നൽകി. 2030-ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 100 ശതകോടി (100 ബില്യൺ) യു.എസ് ഡോളറായും ഉഭയകക്ഷി നിക്ഷേപം 50 ശതകോടി ഡോളറായും ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.
ന്യൂദൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഇരുനേതാക്കളും നടത്തിയ ചർച്ചയുടെ തുടർച്ചയായാണ് ഈ തീരുമാനങ്ങൾ. ഇന്ത്യയും റഷ്യയും തമ്മിലുള്ള സാമ്പത്തിക-വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് റഷ്യയിലെ ഇന്ത്യൻ അംബാസഡർ വിനയ് കുമാർ വ്യക്തമാക്കി.
വ്യാപാര നിക്ഷേപങ്ങൾക്കൊപ്പം തൊഴിൽ ശക്തിയുടെ കൈമാറ്റത്തിലും ഇരുരാജ്യങ്ങളും വലിയ സഹകരണത്തിന് ഒരുങ്ങുകയാണ്. റഷ്യയുടെ ആവശ്യാനുസരണം വിദഗ്ദ്ധരായ തൊഴിലാളികളെ ലഭ്യമാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു. നിലവിൽ റഷ്യ അനുവദിച്ചിട്ടുള്ള വിദേശ തൊഴിലാളികളുടെ ക്വാട്ടയിൽ 25 മുതൽ 30 ശതമാനം വരെ ഇന്ത്യക്കാരാണ്. ഭാവിയിൽ ആഗോളതലത്തിൽ വൈദഗ്ധ്യമുള്ള മനുഷ്യവിഭവശേഷിയുടെ പ്രധാന കേന്ദ്രമായി ഇന്ത്യ മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റഷ്യൻ വ്യവസായങ്ങൾക്ക് ആവശ്യമായ നൈപുണ്യമുള്ള തൊഴിലാളികളെ വാർത്തെടുക്കുന്നതിനായി ഇന്ത്യയിൽ നേരിട്ടോ നിലവിലുള്ള സ്ഥാപനങ്ങളുമായി സഹകരിച്ചോ ഉന്നത വിദ്യാഭ്യാസ-പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കാൻ ഇന്ത്യ റഷ്യയോട് നിർദ്ദേശിച്ചിട്ടുണ്ട്. മോദിയും പുടിനും കൈക്കൊണ്ട തീരുമാനങ്ങൾ വേഗത്തിൽ നടപ്പിലാക്കാനുള്ള തീവ്രശ്രമത്തിലാണ് ഇരുരാജ്യങ്ങളിലെയും സർക്കാരുകൾ.