ചൂടിൽ വെന്തുരുകി മുംബൈ; ആശ്വാസമായി തണുപ്പുകാലമെത്തുന്നു, ഒപ്പം വായുമലിനീകരണ ഭീഷണിയും!


22, October, 2026
Updated on 22, October, 2026 3


മുംബൈ: അസാധാരണമാംവിധം കടുത്ത ചൂടിൽ വലയുന്ന മുംബൈ നിവാസികൾക്ക് ആശ്വാസവാർത്തയുമായി കാലാവസ്ഥാ നിരീക്ഷകർ. നിലവിൽ 37 മുതൽ 38 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനില വരുംദിവസങ്ങളിൽ കുറയാൻ തുടങ്ങുമെന്നും അടുത്ത ആഴ്ചയോടെ നഗരത്തിൽ തണുപ്പ് അനുഭവപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷകർ എക്സിലൂടെ അവകാശപ്പെട്ടു. നിലവിലെ ഉയർന്ന താപനില കുറഞ്ഞ് ആഴ്ചയുടെ രണ്ടാം പകുതിയോടെ പരമാവധി താപനില 32-34°C ആയും കുറഞ്ഞ താപനില 23-26°C ആയും കുറയാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. എങ്കിലും മുംബൈയിലെ ചില ഭാഗങ്ങളിൽ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥ തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.


കൊളാബയിലെ ഐ.എം.ഡി. പ്രാദേശിക കാലാവസ്ഥാ കേന്ദ്രം മുംബൈ, താനെ, പാൽഘർ, റായ്ഗഡ് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കൊങ്കണിലെ രത്‌നഗിരി, സിന്ധുദുർഗ്, കോലാപ്പൂർ എന്നിവിടങ്ങളിൽ നേരിയ മഴയ്‌ക്കോ ഇടിമിന്നലോ കൂടിയ മഴയ്‌ക്കോ സാധ്യതയുണ്ട്. പൂനെ, നാസിക് അടക്കം മഹാരാഷ്ട്രയുടെ ഭൂരിഭാഗം പ്രദേശങ്ങളും വരണ്ട കാലാവസ്ഥയിലായിരിക്കും. മഴയോടൊപ്പം മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം, ഗതാഗത തടസ്സം, വൈദ്യുതി മുടക്കം എന്നിവയ്ക്കും സാദ്ധ്യതയുണ്ട്.അതേസമയം നഗരത്തിലെ വായു ഗുണനിലവാരവും അതീവ ഗുരുതരമായി തുടരുകയാണ്. മുംബൈയിലെ ചില പ്രദേശങ്ങളിൽ വായു ഗുണനിലവാര സൂചിക 300-ന് മുകളിലെത്തി ‘വളരെ മോശം’ അവസ്ഥയിലായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വായുമലിനീകരണം വർധിച്ചുവരുന്ന സാഹചര്യത്തിൽ നഗരവാസികൾ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു.




Feedback and suggestions