20, October, 2026
Updated on 20, October, 2026 10
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്കെതിരെ വേദിയിൽ വെച്ച് അസഭ്യ പരാമർശം നടത്തിയ സംഭവത്തിൽ ഡി.എം.കെ വനിതാ നേതാവിനെതിരെ ചെന്നൈ പൊലീസ് കേസെടുത്തു. ഡി.എം.കെ കൗൺസിലറും പാർട്ടിയുടെ വനിതാ വിഭാഗം ചെന്നൈ ജില്ലാ ഓർഗനൈസറുമായ സുധ ദീനദയാലനെതിരെയാണ് കർശന നടപടി സ്വീകരിച്ചിരിക്കുന്നത്. കൂടാതെ, പരിപാടി സംഘടിപ്പിച്ച ഡി.എം.കെ ഹാർബർ ഏരിയ സെക്രട്ടറി മുരളിക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.ഒക്ടോബർ ഏഴിന് ചെന്നൈയിൽ നടന്ന ഒരു പാർട്ടി പരിപാടിക്കിടെയായിരുന്നു ഈ വിവാദ പരാമർശങ്ങൾ ഉണ്ടായത്. ഇതിന്റെ ദൃശ്യങ്ങൾ ഇന്നലെ (ഒക്ടോബർ 19) പുറത്തുവന്നതോടെ വലിയ രീതിയിലുള്ള പ്രതിഷേധവും രാഷ്ട്രീയ കോലാഹലവുമാണ് ഉണ്ടായത്. പ്രമുഖ മന്ത്രിമാർ അടക്കമുള്ളവർ സംഭവത്തിൽ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാത്രിയോടെ പൊലീസ് ഔദ്യോഗികമായി കേസെടുത്തത്. എന്നാൽ വിവാദ വേദിയിലുണ്ടായിരുന്ന കനിമൊഴി എം.പി, ചെന്നൈ മേയർ പ്രിയ, മുൻ മന്ത്രി ശേഖർ ബാബു എന്നിവർക്കെതിരെ നിലവിൽ കേസെടുത്തിട്ടില്ലെന്നാണ് വിവരം.മുഖ്യമന്ത്രിക്കെതിരെയുള്ള പരാമർശം വലിയ ചർച്ചയായതോടെ, വേദിയിൽ വെച്ച് തന്നെ സുധ ദീനദയാലന്റെ പ്രസംഗത്തെ കനിമൊഴി എതിർത്തതിന്റെ വീഡിയോ ദൃശ്യങ്ങൾ ഡി.എം.കെ പുറത്തുവിട്ടു. എന്ത് രാഷ്ട്രീയ പ്രകോപനമുണ്ടായാലും മാന്യത കൈവിടാതെ സംസാരിക്കണമെന്നും, പെരിയാറിന്റെയും അണ്ണാദുരൈയുടെയും ഉന്നതമായ ആശയങ്ങളാണ് പാർട്ടി പ്രവർത്തകർ പിന്തുടരേണ്ടതെന്നും കനിമൊഴി വേദിയിൽ വെച്ച് ഓർമ്മിപ്പിക്കുന്ന ഭാഗങ്ങളാണ് ഡി.എം.കെ പ്രതിരോധത്തിന്റെ ഭാഗമായി പുറത്തുവിട്ടിരിക്കുന്നത്. വിഷയത്തിൽ രാഷ്ട്രീയ പോര് കൂടുതൽ കനക്കാനാണ് സാധ്യത.