2, March, 2026
Updated on 2, March, 2026 36
മസ്കറ്റ് : ഒമാനിൽ എണ്ണക്കപ്പലിന് നേരെ ഉണ്ടായ വ്യോമാക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. സുൽത്താനേറ്റിന്റെ തലസ്ഥാനമായ മസ്‌കറ്റിന്റെ തീരത്ത് ഒമാൻ ഉൾക്കടലിൽ വെച്ചാണ് ആക്രമണം നടന്നത്. എംകെഡി വ്യോം എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടതെന്ന് ഒമാൻ വ്യക്തമാക്കി. കൊല്ലപ്പെട്ട നാവികൻ ഇന്ത്യക്കാരനാണെന്നും ഒമാൻ സ്ഥിരീകരിച്ചു.
മാർഷൽ ദ്വീപുകളുടെ പതാകയുള്ള എണ്ണ ടാങ്കറിൽ ബോംബ് വഹിച്ച ഡ്രോൺ പതിച്ചാണ് അപകടം നടന്നതെന്നാണ് ഒമാൻ സർക്കാർ ഉടമസ്ഥതയിലുള്ള വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. യുഎസ്-ഇറാൻ സംഘർഷം ആരംഭിച്ചതിനുശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെടുന്നത്. മാർച്ച് 1 ന് ഒമാനിലെ മസ്കറ്റ് തീരത്ത് വെച്ച് സംശയാസ്പദമായ ഒരു പ്രൊജക്റ്റൈൽ ഇടിച്ചതിനെ തുടർന്ന് കപ്പലിൽ ഒരു സ്ഫോടനവും തുടർന്ന് തീപിടുത്തവും ഉണ്ടായിയെന്ന് വി.ഷിപ്പ്സ് ഏഷ്യ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. മരിച്ച ഇന്ത്യക്കാരനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.