കാനഡയില്‍ വന്‍ ഡേറ്റാ ചോര്‍ച്ച: ടൊറന്റോ ക്രൈം സ്റ്റോപ്പേഴ്‌സ് പ്രവര്‍ത്തനം നിര്‍ത്തി; 15 ലക്ഷത്തിലധികം വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്


22, October, 2026
Updated on 22, October, 2026 5


ടൊറന്റോ: കാനഡയിലെ ടൊറന്റോ ക്രൈം സ്റ്റോപ്പേഴ്‌സ വന്‍ ഡേറ്റാ ചോര്‍ച്ചയെ തുടര്‍ന്നു താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. കഴിഞ്ഞ 25 വര്‍ഷത്തിനിടെ കാനഡയിലെ വിവിധ ക്രൈം സ്റ്റോപ്പേഴ്‌സ് സംവിധാനങ്ങള്‍ക്ക് ലഭിച്ച 15 ലക്ഷത്തിലധികം രഹസ്യ വിവരങ്ങളാണ് ഡാറ്റാ ചോര്‍ച്ചയില്‍ പുറത്തായതെന്ന് സിബിസി ന്യൂസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ബുധനാഴ്ച രാത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ സംഘടനയുടെ ചെയര്‍മാന്‍ സീന്‍ സ്‌പോര്‍ട്ടനാണ് പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായി അറിയിച്ചത്. വിവരങ്ങള്‍ കൈമാറുന്നവരുടെ രഹസ്യമായി സൂക്ഷിക്കുമെന്ന ഉറപ്പിന് ചിലരുടെ കാര്യത്തില്‍ പാലിക്കാന്‍ കഴിഞ്ഞില്ലെന്നും ക്ഷമാപണം നടത്തുകയും ചെയ്തു.


ചോര്‍ച്ചയില്‍ ഉള്‍പ്പെട്ട വിവരങ്ങളുടെ വ്യാപ്തിയും ബാധിക്കപ്പെട്ടവരുടെ എണ്ണവും സംബന്ധിച്ച കൃത്യമായ കണക്കുകള്‍ ആദ്യമായാണ് പുറത്തുവരുന്നത്. ടൊറന്റോ ക്രൈം സ്റ്റോപ്പേഴ്‌സുമായി ബന്ധപ്പെട്ട 1,79,000ത്തിലധികം വിവരങ്ങളാണ് ചോര്‍ന്ന ഡാറ്റയിലുള്ളതെന്ന് സിബിസി അന്വേഷണത്തില്‍ കണ്ടെത്തി. കാനഡയിലെ വിവിധ ശാഖകളില്‍ ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ ചോര്‍ന്നത് ടൊറന്റോയിലേതാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ആകെ വിവരങ്ങളില്‍ പകുതിയിലധികത്തിലും വ്യക്തികളെ തിരിച്ചറിയാന്‍ സഹായിക്കുന്ന വിവരങ്ങളുണ്ടായിരുന്നു. എന്നാല്‍, ഓരോ കേസിലും ഈ വിവരങ്ങള്‍ വിവരം നല്‍കിയ വ്യക്തിയുടേതാണോ, ഇരയുടേതാണോ, കുറ്റാരോപിതന്റേതാണോ എന്ന് സ്ഥിരീകരിക്കാന്‍ സിബിസിക്ക് കഴിഞ്ഞില്ല. അമേരിക്കന്‍ കമ്പനിയായ നാവിഗേറ്റ്360യുടെ പി3 പ്ലാറ്റ്‌ഫോം വഴിയാണ് വിവരങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. ചോര്‍ച്ചയുടെ വ്യാപ്തിയെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് കാത്തിരിക്കുകയാണെന്നായിരുന്നു ഇതുവരെ കനേഡിയന്‍ ക്രൈം സ്റ്റോപ്പേഴ്‌സ് അസോസിയേഷന്റെയും പ്രാദേശിക ശാഖകളുടെയും നിലപാട്.


സിബിസിയുടെ പരിശോധനയില്‍ 4,300 ലധികം റിപ്പോര്‍ട്ടുകളില്‍ വിവരം നല്‍കിയവര്‍ സ്വന്തം മുഴുവന്‍ പേര് വെളിപ്പെടുത്തിയതായി കണ്ടെത്തി. തിരിച്ചറിയാന്‍ സഹായിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തരുതെന്ന് ക്രൈം സ്റ്റോപ്പേഴ്‌സ് പൊതുജനങ്ങളോട് നിര്‍ദേശിച്ചിരുന്നിട്ടും ഇത്തരം വിവരങ്ങള്‍ ഡാറ്റാബേസില്‍ ഉണ്ടായിരുന്നു. 25 വര്‍ഷത്തെ ആകെ റിപ്പോര്‍ട്ടുകളുടെ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ഈ വിഭാഗത്തില്‍പ്പെട്ടതെങ്കിലും, ചില റിപ്പോര്‍ട്ടുകളില്‍ വ്യക്തികളുടെ വിവരങ്ങള്‍ പുറത്തായതായി ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും അവ മറച്ചുവെച്ചിരുന്നില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍, റിപ്പോര്‍ട്ടുകളില്‍ രേഖപ്പെടുത്തിയ എല്ലാ പേരുകളും യഥാര്‍ഥമാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സിബിസി വ്യക്തമാക്കി.


സംഭവത്തെത്തുടര്‍ന്ന് ടൊറന്റോ ക്രൈം സ്റ്റോപ്പേഴ്‌സ് വെബ്‌സൈറ്റില്‍നിന്ന് ‘ടിപ്പ് സമര്‍പ്പിക്കുക’ എന്ന ഭാഗം നീക്കം ചെയ്തു. പുതിയ വിവരങ്ങള്‍ സ്വീകരിക്കുകയോ കൈകാര്യം ചെയ്യുകയോ ചെയ്യില്ലെന്നും പി3 പ്ലാറ്റ്‌ഫോമില്‍ ടൊറന്റോ ശാഖയ്ക്കുള്ള വിവരസ്വീകരണ സംവിധാനം ഉടന്‍ നിര്‍ത്തിവെക്കാന്‍ നാവിഗേറ്റ് 360യോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സംഘടന അറിയിച്ചു. ഫോണ്‍, വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവയിലൂടെ വിവരങ്ങള്‍ കൈമാറുന്നത് സുരക്ഷിതമായ സംവിധാനം ഒരുക്കുന്നതുവരെ ഒഴിവാക്കണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. ആളുകളുടെ പേരോ വ്യക്തിവിവരങ്ങളോ ആവശ്യപ്പെടാറില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നതിന് മുമ്പ് തിരിച്ചറിയാന്‍ സഹായിക്കുന്ന വിശദാംശങ്ങള്‍ നീക്കം ചെയ്യുന്നതാണ് പതിവെന്നും സംഘടന വ്യക്തമാക്കി. എന്നാല്‍, യഥാര്‍ഥ വിവരങ്ങള്‍ അടങ്ങിയ ചില പഴയ റിപ്പോര്‍ട്ടുകള്‍ പി3 സംവിധാനത്തില്‍നിന്ന് മോഷ്ടിക്കപ്പെട്ടതായി ഇപ്പോള്‍ വ്യക്തമായെന്നും പ്രസ്താവനയില്‍ പറഞ്ഞു.




Feedback and suggestions