ശത്രുവിന്റെ നെഞ്ചകം തകർത്തെറിയാൻ സ്വന്തം തോക്ക്! പ്രചന്ദിനും രുദ്രയ്ക്കും പുതിയ മരണം പാകും യന്ത്രം…


21, October, 2026
Updated on 21, October, 2026 5


ഇന്ത്യൻ പ്രതിരോധ രംഗത്ത് മറ്റൊരു വൻ മുന്നേറ്റത്തിന് കളമൊരുങ്ങുന്നു. ഇതുവരെ വിദേശ സാങ്കേതികവിദ്യയെ ആശ്രയിച്ചിരുന്ന നിർണായകമായ ഒരു വ്യോമയാന ആയുധ സംവിധാനം ഇനി ഇന്ത്യ സ്വന്തമായി വികസിപ്പിക്കാനൊരുങ്ങുകയാണ്. ഇന്ത്യൻ സൈന്യത്തിന്റെ കരുത്തുറ്റ ആക്രമണ ഹെലികോപ്റ്ററുകളായ LCH പ്രചന്ദിനും ALH രുദ്രയ്ക്കുമായി പൂർണമായും തദ്ദേശീയ സാങ്കേതികവിദ്യയിൽ 20 മില്ലിമീറ്റർ ഏവിയേഷൻ പീരങ്കിയും അത്യാധുനിക ടററ്റ് സംവിധാനവും വികസിപ്പിക്കാനുള്ള നിർണായക നീക്കത്തിനാണ് തുടക്കമാകുന്നത്. ബെംഗളൂരു ആസ്ഥാനമായുള്ള സ്വകാര്യ പ്രതിരോധ കമ്പനിയായ എസ്.എസ്.എസ് ഡിഫൻസ്, രാജ്യത്തിന്റെ പ്രതിരോധ ഗവേഷണ വികസന സംഘടനയായ ഡി.ആർ.ഡി.ഒ.യുമായി കൈകോർക്കുന്നതോടെയാണ് ഈ അഭിമാന പദ്ധതിക്ക് വഴിതെളിയുന്നത്. കേവലം ഒരു പുതിയ പീരങ്കിയുടെ നിർമ്മാണമല്ല ഇവിടെ ലക്ഷ്യമിടുന്നത്. മറിച്ച്, ഇന്ത്യൻ ആക്രമണ ഹെലികോപ്റ്ററുകളുടെ ആയുധശേഷിയിൽ നിലനിൽക്കുന്ന വിദേശ ആശ്രിതത്വം കുറച്ച്, സങ്കീർണമായ വ്യോമയാന ആയുധ സാങ്കേതികവിദ്യയിൽ ഇന്ത്യയുടെ സ്വന്തം കരുത്ത് തെളിയിക്കാനുള്ള സുപ്രധാന ചുവടുവയ്പ്പാണിത്.


ഇന്ത്യൻ സൈനിക വ്യോമയാന രംഗത്ത് ഏറെ പ്രാധാന്യമുള്ള നീക്കമാണിത്. കാരണം, ഹെലികോപ്റ്ററുകൾ ഇന്ത്യയിൽ വികസിപ്പിച്ചവയാണെങ്കിലും അവയിലെ ചില നിർണായക ആയുധ സംവിധാനങ്ങൾ ഇപ്പോഴും വിദേശ സാങ്കേതികവിദ്യയെ ആശ്രയിച്ചിരിക്കുന്നു.

ദേശിയ മാധ്യമമായ വിയോണിൻെറ ഡിഫൻസ് പൾസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ എസ്.എസ്.എസ് ഡിഫൻസ്ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിവേക് കൃഷ്ണൻ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ടെൻഡറിൽ ഏറ്റവും കുറഞ്ഞ സാമ്പത്തിക ബിഡ് സമർപ്പിച്ച L1 ബിഡറായി കമ്പനി തിരഞ്ഞെടുക്കപ്പെട്ടതായി അദ്ദേഹം സ്ഥിരീകരിച്ചു. എന്നാൽ ബിഡ് തിരഞ്ഞെടുപ്പ് മാത്രം പദ്ധതി പൂർത്തിയായെന്നോ ആയുധം സേവനസജ്ജമായെന്നോ അർത്ഥമാക്കുന്നില്ല.

ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് വികസിപ്പിച്ച LCH പ്രചന്ദ് ഉയർന്ന പർവതപ്രദേശങ്ങളിലെ ദൗത്യങ്ങൾക്കായി രൂപകൽപ്പന ചെയ്ത ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററാണ്. ഹിമാലയൻ അതിർത്തി മേഖലകളിലെ പ്രവർത്തനശേഷി ഇതിന്റെ പ്രധാന പ്രത്യേകതയാണ്. കരസേനയ്ക്ക് വ്യോമപിന്തുണ നൽകാനും ശത്രുവിന്റെ വാഹനങ്ങളെയും മറ്റ് ലക്ഷ്യങ്ങളെയും നേരിടാനും മിസൈലുകളും റോക്കറ്റുകളും പീരങ്കിയും ഉൾപ്പെടുന്ന ആയുധങ്ങൾ ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. ALH രുദ്രയാകട്ടെ ഇന്ത്യയുടെ ധ്രുവ് ഹെലികോപ്റ്ററിന്റെ ആയുധസജ്ജമായ പതിപ്പാണ്. ALH Mk-IV എന്നും അറിയപ്പെടുന്ന രുദ്ര സായുധ നിരീക്ഷണത്തിനും സൈനിക പിന്തുണയ്ക്കും കരലക്ഷ്യങ്ങൾക്കെതിരായ ആക്രമണങ്ങൾക്കുമായി രൂപകൽപ്പന ചെയ്തിരിക്കുന്നു. രണ്ട് ഹെലികോപ്റ്ററുകളിലും മുൻഭാഗത്തെ പീരങ്കി താരതമ്യേന കുറഞ്ഞ ദൂരത്തിലുള്ള ഏറ്റുമുട്ടലുകളിലും നിയന്ത്രിത വെടിവയ്പ്പിലും പ്രധാന പങ്കുവഹിക്കുന്നു.


നിലവിൽ പ്രചന്ദിലും രുദ്രയിലും ഉപയോഗിക്കുന്നത് ഫ്രഞ്ച് സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട THL20 ടററ്റ് സംവിധാനമാണ്. ഫ്രഞ്ച് നിർമ്മിത 20 M621 പീരങ്കിയെ അടിസ്ഥാനമാക്കിയുള്ള ഈ സംവിധാനം KNDSയുമായി ബന്ധപ്പെട്ടതാണ്. ഹെലികോപ്റ്ററിന്റെ സെൻസറുകളും ലക്ഷ്യനിർണയ, ഫയർ കൺട്രോൾ സംവിധാനങ്ങളുമായി ബന്ധിപ്പിച്ച ടററ്റ് ലക്ഷ്യത്തിലേക്ക് പീരങ്കി തിരിക്കാൻ സഹായിക്കുന്നു.


വ്യക്തമാക്കുന്നുവെങ്കിലും അന്തിമ പ്രവർത്തനക്ഷമതയെക്കുറിച്ച് ഉറപ്പുനൽകുന്നില്ല. ഇന്ത്യൻ പ്രതിരോധ ഗവേഷണവും സ്വകാര്യ നിർമ്മാണമേഖലയും തമ്മിലുള്ള സഹകരണത്തിന്റെ ഫലം എത്രത്തോളം പ്രായോഗികമാകുമെന്ന് വരാനിരിക്കുന്ന പരീക്ഷണങ്ങളാണ് തെളിയിക്കുക. ഈ ഘട്ടത്തിൽ അതാണ് ഏറ്റവും പ്രധാനപ്പെട്ട വിലയിരുത്തൽ.

ഈ പദ്ധതി ഒരു പീരങ്കിയുടെ നിർമ്മാണത്തിൽ മാത്രം ഒതുങ്ങുന്നില്ല. സങ്കീർണമായ വ്യോമയാന ആയുധങ്ങളുടെ രൂപകൽപ്പന, പരിശോധന, സംയോജനം, ഉൽപ്പാദനം എന്നിവയിൽ ഇന്ത്യയുടെ കഴിവ് വികസിപ്പിക്കാനുള്ള അവസരമാണിത്. പരീക്ഷണങ്ങളും സർട്ടിഫിക്കേഷനും വിജയകരമായി പൂർത്തിയാക്കി സൈനിക സേവനത്തിലെത്തിയാൽ പ്രചന്ദിന്റെയും രുദ്രയുടെയും തദ്ദേശീയവൽക്കരണത്തിൽ പ്രധാന വിടവ് നികത്താനാകും. അതോടൊപ്പം ഭാവിയിലെ ഇന്ത്യൻ സൈനിക വ്യോമയാന പദ്ധതികൾക്കും ആഭ്യന്തര സാങ്കേതിക അടിത്തറ ശക്തിപ്പെടുത്താൻ ഇത് സഹായിച്ചേക്കും. വിദേശ വിതരണക്കാരെ ആശ്രയിക്കേണ്ട സാഹചര്യം കുറയ്ക്കുകയെന്ന ദീർഘകാല ലക്ഷ്യത്തിലേക്കുള്ള ചുവടായും ഇതിനെ കാണാം. എന്നാൽ അന്തിമ വിജയം വികസനപരീക്ഷണങ്ങളുടെയും സൈനിക അംഗീകാരത്തിന്റെയും ഫലത്തെ ആശ്രയിച്ചിരിക്കും. അതിനാൽ ഇപ്പോൾ ഇത് പ്രതീക്ഷ നൽകുന്ന വികസനശ്രമമാണ്, പൂർത്തിയായ നേട്ടമല്ല. പക്ഷെ പദ്ധതി വിജയിച്ചാൽ ഇന്ത്യയുടെ പ്രതിരോധ സ്വയംപര്യാപ്തതാ യാത്രയിൽ പുതിയ അധ്യായം ആകും ഇത് തുറക്കുക.





Feedback and suggestions