ആമസോണ്‍ ഉന്നത ഉദ്യോഗസ്ഥനെതിരെ ലൈംഗീകാരോപണവുമായി ജീവനക്കാരി; പരാതി നല്‍കിയപ്പോള്‍ മിണ്ടരുതെന്ന് കമ്പനി പറഞ്ഞതായി ആരോപണം


22, October, 2026
Updated on 22, October, 2026 4


വാഷിംഗടണ്‍: ആമസോണിലെ ഉന്നത ഉദ്യോഗസ്ഥന്‍ ബിസിനസ് യാത്രയ്ക്കിടെ തനിക്കെതിരേ ലൈംഗീകാതിക്രമം നടത്തിയെന്ന പരാതി നല്‍കിയിട്ടും കമ്പനി വേണ്ട രീതിയില്‍ അന്വേഷണം നടത്തിയില്ലെന്നു ആരോപിച്ച് ജീവനക്കാരി കോടതിയെ സമീപിച്ചു. ആമസോണ്‍ വെബ് സര്‍വീസസില്‍ (AWS) സിയാറ്റില്‍ ആസ്ഥാനമായി മാര്‍ക്കറ്റിങ് ആന്‍ഡ് ഓപ്പറേഷന്‍സ് മാനേജരായി ജോലി ചെയ്യുന്ന ലോറ ഡാന്‍ബോമാണ് കമ്പനിക്കെതിരെ കേസ് ഫയല്‍ ചെയ്തത്. 2023 ഒക്ടോബറില്‍ ന്യൂയോര്‍ക്ക് നഗരത്തിലേക്കുള്ള ഔദ്യോഗിക യാത്രയ്ക്കിടെ പരസ്യവിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥനായ മൈക്കലാഞ്ചലോ സിമോണ്ടെ തന്നെ ലൈംഗികമായി ആക്രമിച്ചെന്നാണ് ലോറയുടെ ആരോപണം. ന്യൂയോര്‍ക്ക് പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആരോപണങ്ങള്‍ ഇതുവരെ കോടതിയില്‍ തെളിയിക്കപ്പെട്ടിട്ടില്ല.2023 ഒക്ടോബര്‍ 27നാണ് സംഭവമുണ്ടായതെന്ന് സിയാറ്റിലിലെ സംസ്ഥാന കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. സിമോണ്ടെ ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകരോടൊപ്പം ന്യൂയോര്‍ക്കിലെത്തിയ ലോറ ആമസോണ്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തിരുന്നു. മദ്യം ലഭ്യമായിരുന്ന പരിപാടിക്കുശേഷം സംഘം കരോക്കെ ബാറുകളിലും പോയി. ഈ പരിപാടികള്‍ക്കുള്ള ചെലവുകള്‍ കമ്പനി വഹിച്ചതായും പരാതിയില്‍ വ്യക്തമാക്കുന്നു. സംഭവത്തെക്കുറിച്ച് കമ്പനിയോട് പരാതി പറഞ്ഞശേഷം ലോറയെ പ്രതികൂലമായ തൊഴില്‍ സാഹചര്യത്തിലേക്ക് തള്ളിവിട്ടെന്നും ആരോപണമുണ്ട്. സംഭവത്തെക്കുറിച്ച് ജോലിസ്ഥലത്ത് സംസാരിക്കുന്നത് ഒഴിവാക്കണമെന്നും അതേസമയം താന്‍ ആരോപണം ഉന്നയിച്ച ഉദ്യോഗസ്ഥനുമായി ഔദ്യോഗിക ഇടപെടലുകള്‍ തുടരണമെന്നും കമ്പനി ആവശ്യപ്പെട്ടതായി പരാതിയില്‍ പറയുന്നു.




പരാതിക്കാരിയുടെ അഭിഭാഷകരായ ബ്ലൂം ലോ പിഎല്‍എല്‍സിയിലെ നിയമസംഘം, ലോറയെ നിശ്ശബ്ദയാക്കാനാണ് കമ്പനി ശ്രമിച്ചതെന്ന് ആരോപിച്ചു. ജോലിസ്ഥലത്തെ ലൈംഗികാതിക്രമം സംബന്ധിച്ച് സംസാരിക്കരുതെന്ന് തൊഴിലുടമ ജീവനക്കാരിയോട് ആവശ്യപ്പെടുന്നതെന്നും ഇത് അനുസരിച്ചില്ലെങ്കില്‍ ജോലി നഷ്ടപ്പെടുമെന്ന ഭീതി സൃഷ്ടിക്കുന്നതാണെന്ന് അഭിഭാഷകന്‍ ജെയ് ഫ്രീ സിയാറ്റില്‍ ടൈംസിനോട് പറഞ്ഞു. വാഷിങ്ടണ്‍ സംസ്ഥാനത്തെ സൈലന്‍സ്ഡ് നോ മോര്‍ ആക്ട്എന്ന നിയമവും ആമസോണ്‍ ലംഘിച്ചെന്നാണ് പരാതിയിലെ മറ്റൊരു ആരോപണം. ജോലിസ്ഥലത്തെ വിവേചനം, ഉപദ്രവം, ലൈംഗികാതിക്രമം തുടങ്ങിയ ചില സംഭവങ്ങളെക്കുറിച്ച് ജീവനക്കാര്‍ക്ക് സംസാരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുന്നതിനെ നിയന്ത്രിക്കുന്നതാണ് ഈ നിയമം.സംഭവത്തിന് ഏതാനും ദിവസങ്ങള്‍ക്കുശേഷം പൊലീസ് ലോറയുടെ മൊഴിയെടുത്തതായും പരാതിയില്‍ പറയുന്നു.പരാതിയില്‍ ലഭ്യമായ നിര്‍ണായക തെളിവുകള്‍ പരിഗണിക്കുന്നതില്‍ ആമസോണ്‍ വീഴ്ച വരുത്തിയെന്നും സമഗ്രമായ അന്വേഷണം നടത്തിയില്ലെന്നും അഭിഭാഷകന്‍ ആരോപിച്ചു. ജോലിസ്ഥലത്തെ സുരക്ഷയെക്കുറിച്ച് ലോറ ഉന്നയിച്ച ആശങ്കകള്‍ക്കും കമ്പനി മതിയായ പരിഗണന നല്‍കിയില്ലെന്നാണ് കേസ്










Feedback and suggestions