22, October, 2026
Updated on 22, October, 2026 4
വാഷിംഗടണ്‍: യമനില്‍ നിന്നുള്ള ഹൂതി വിമതരുടെ ആക്രമണം ശക്തമായ സാഹചര്യത്തില്‍ സൗദി അറേബ്യയിലെ യുഎസ് എംബസിയിലെ അത്യാവശ്യമല്ലാത്ത ജീവനക്കാരോടും അവരുടെ കുടുംബാംഗങ്ങളോടും രാജ്യം വിടാന്‍ അമേരിക്ക നിര്‍ദേശം നല്‍കി. ബുധനാഴ്ചയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഇക്കാര്യം അറിയിച്ചത്. ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയാണ് നടപടി. സൗദി അറേബ്യയിലെ അത്യാവശ്യമല്ലാത്ത സര്‍ക്കാര്‍ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും മാത്രമാണ് ഉത്തരവിന്റെ പരിധിയിലുള്ളതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ടോമി പിഗോട്ട് വ്യക്തമാക്കി.
സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്റെ പിന്തുണയുള്ള ഹൂതികള്‍ തുടര്‍ച്ചയായി ആക്രമണം നടത്തുന്നുണ്ട്. റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണം സമീപ വര്‍ഷങ്ങളില്‍ രാജ്യത്തുണ്ടായ ഏറ്റവും ശക്തമായ സംഭവങ്ങളിലൊന്നായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഡ്രോണ്‍ ആക്രമണത്തെ സൗദി സേന പ്രതിരോധിക്കുന്നതിനിടെ അവശിഷ്ടങ്ങള്‍ പതിച്ച് രണ്ടുപേര്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സൗദി ഊര്‍ജ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. മരിച്ചവരില്‍ ഒരാള്‍ ഫിലിപ്പീന്‍സ് സ്വദേശിയും മറ്റൊരാള്‍ നേപ്പാള്‍ സ്വദേശിയുമാണ്. യുഎഇ അതിര്‍ത്തിക്ക് സമീപമുള്ള ഷൈബ എണ്ണപ്പാടം ലക്ഷ്യമിട്ടായിരുന്നു ഡ്രോണ്‍ ആക്രമണമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഡ്രോണ്‍ വിക്ഷേപിച്ചത് ആരാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. യമനില്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന ആറു ഡ്രോണുകള്‍ തടഞ്ഞതായും അറിയിച്ചു.യമനിലെ ആഭ്യന്തരയുദ്ധത്തില്‍ നാലുവര്‍ഷമായി നിലനിന്നിരുന്ന വെടിനിര്‍ത്തല്‍ ജൂണില്‍ ഇല്ലാതയാതോടെയാണ് സംഘര്‍ഷം വീണ്ടും ശക്തമായത്. 2014ല്‍ ആരംഭിച്ച യുദ്ധത്തില്‍ അന്താരാഷ്ട്ര അംഗീകാരമുള്ള യമന്‍ സര്‍ക്കാരിനെ 2015 മുതല്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന പിന്തുണയ്ക്കുന്നുണ്ട്. ഹൂതി വിമതരുടെ ആക്രമണങ്ങള്‍ സൗദിയുടെ സുരക്ഷയ്ക്കും എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ക്കും ഭീഷണിയാകുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ പുതിയ നടപടി. മിഡില്‍ ഈസ്റ്റിലെ യുദ്ധം വ്യാപിക്കുന്നതിനിടെ ഇറാന്റെ ആക്രമണങ്ങള്‍ക്ക് യുഎഇ, ജോര്‍ദാന്‍, ഖത്തര്‍, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളും ഇരയായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മേഖലയിലെ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെയും കുടുംബങ്ങളുടെയും സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി.ഇതിനിടെ, ഹോര്‍മുസ് കടലിടുക്കിന് അഭിമുഖമായുള്ള ഇറാനിലെ തെക്കന്‍ ഹോര്‍മോസ്ഗാന്‍ പ്രവിശ്യയില്‍ സ്‌ഫോടനശബ്ദങ്ങള്‍ കേട്ടതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. സിറിക് മേഖലയിലെ കാര്‍പാന്‍ പ്രദേശത്താണ് നിരവധി സ്‌ഫോടനശബ്ദങ്ങള്‍ കേട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.ഫെബ്രുവരി അവസാനത്തോടെ അമേരിക്കയും ഇസ്രയേലും ഇറാനെതിരെ ആക്രമണം ആരംഭിച്ചതോടെയാണ് നിലവിലെ സംഘര്‍ഷം രൂക്ഷമായത്.