ടെക്‌സാസിലെ വാന്‍ സാന്‍ഡ്റ്റ് കൗണ്ടിയിലുണ്ടായ തീപിടുത്തത്തില്‍ മൂന്നു കുട്ടികള്‍ വെന്തു മരിച്ചു


22, October, 2026
Updated on 22, October, 2026 4


ടെക്‌സാസ്: വാന്‍ സാന്‍ഡ്റ്റ് കൗണ്ടിയില്‍ ബുധനാഴ്ച രാത്രിയുണ്ടായ തീപിടുത്തത്തില്‍ മൂന്ന് കുട്ടികള്‍ വെന്തു മരിച്ചു. പൊള്ളലേറ്റ മറ്റൊരു കുട്ടിയെയും മുതിര്‍ന്ന ഒരാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഫയര്‍ മാര്‍ഷല്‍ ഓഫീസ് അറിയിച്ചു.ബുധനാഴ്ച പുലര്‍ച്ചെ 12:30-ഓടെ കൗണ്ടി റോഡ് 4127-നും കൗണ്ടി റോഡ് 4128-നും സമീപമാണ് തീപിടുത്തമുണ്ടായതെന്ന് വാന്‍ സാന്‍ഡ്റ്റ് കൗണ്ടി ഫയര്‍ മാര്‍ഷല്‍ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. അപകടം നടക്കുമ്പോള്‍ മൂന്ന് പേര്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. അകത്തുണ്ടായിരുന്ന നാല് കുട്ടികളെ രക്ഷിക്കാനായി അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് കെട്ടിടത്തിന്റെ പുറംഭിത്തി തകര്‍ക്കേണ്ടി വന്നു. അപ്പോഴേക്കും മൂന്നു കുട്ടികള്‍ വെന്തു മരിച്ചിരുന്നു. രക്ഷപെടുത്തിയ കുട്ടിയുടെ നില അതീവ ഗുരുതരമാണ്.മരിച്ചകട്ടികളില്‍ എട്ടും അഞ്ചും വയസുള്ള ആണ്‍കുട്ടികളും മൂന്നു വയസുള്ള പെണ്‍കുഞ്ഞുമാണ് ഉള്‍പ്പെടുന്നത്. രണ്ട് പേരെ ചികിത്സയ്ക്കായി ഡാലസ് മേഖലയിലുള്ള ആശുപത്രിയിലേക്ക് മാറ്റി. ഒരു മുതിര്‍ന്ന വ്യക്തിയും 10 വയസ്സുള്ള ആണ്‍കുട്ടിയുമാണ് ഇവര്‍. ഇവരുടെ നില ഗുരുതരമായി തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.തീപിടുത്തത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു. കാന്റണ്‍, സൗത്ത് വാന്‍ സാന്‍ഡ്റ്റ്, ബെന്‍ വീലര്‍, വില്ല്‌സ് പോയിന്റ് എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നിശമന സേനാ സംഘങ്ങള്‍ തീ അണയ്ക്കാനായി എത്തിയിരുന്നു.

















Feedback and suggestions