ബഹ്റൈനിലെ അമേരിക്കൻ സൈനിക കേന്ദ്രത്തിൽ ഡ്രോൺ ആക്രമണം നടത്തിയെന്ന് ഇറാൻ, റഡാർ തകർത്തെന്ന് അവകാശവാദം; നിഷേധിച്ച് യുഎസ്


15, November, 2026
Updated on 15, November, 2026 10


ബഹ്റൈനിലെ അമേരിക്കൻ സൈനിക കേന്ദ്രത്തിലെ റഡാർ സംവിധാനത്തിനും അൽറിഫാ വ്യോമത്താവളത്തിനും നേരെ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) അവകാശപ്പെട്ടു. അമേരിക്കൻ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ ഇറങ്ങുന്ന കേന്ദ്രമായ അൽറിഫായിൽ ആക്രമണം നടത്തിയെന്നാണ് ഇറാന്റെ വാദം. തെക്കൻ ഇറാനിലെ സിരിക്ക് അടക്കമുള്ള മേഖലകളിൽ അമേരിക്ക എംക്യു-9 ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണങ്ങൾക്കും ഹോർമോസ്ഗാൻ പ്രവിശ്യയിലെ ടെലികമ്മ്യൂണിക്കേഷൻ ടവറിന് നേരെയുണ്ടായ വ്യോമാക്രമണത്തിനും തിരിച്ചടിയായാണ് ഈ നീക്കമെന്ന് ഇറാന്റെ സ്റ്റേറ്റ് മീഡിയയും റെവല്യൂഷണറി ഗാർഡും അറിയിച്ചു.


എന്നാൽ, ബഹ്റൈനിലെ യുഎസ് ഏർളി വാണിങ് റഡാർ തകർത്തെന്ന ഇറാന്റെ അവകാശവാദം അമേരിക്കൻ സൈന്യം നിഷേധിച്ചു. ഐആർജിസി അയച്ച രണ്ട് ഡ്രോണുകളെ ബഹ്റൈനിലേക്ക് എത്തുന്നതിന് മുൻപ് തന്നെ യുഎസ് സൈന്യം വെടിവെച്ചിട്ടെന്നും യാതൊരുവിധ നാശനഷ്ടങ്ങളും ഉണ്ടായിട്ടില്ലെന്നും അമേരിക്ക വ്യക്തമാക്കി.


അതേസമയം, ആക്രമണം സംബന്ധിച്ച് ബഹ്റൈൻ ഔദ്യോഗികമായി സ്ഥിരീകരണമൊന്നും നൽകിയിട്ടില്ലെങ്കിലും ജനങ്ങൾ വീടുകളിൽനിന്ന് പുറത്തിറങ്ങരുതെന്നും ബാൽക്കണിയിൽ നിൽക്കരുതെന്നും ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. ഖത്തറിന്റെ മധ്യസ്ഥതയിൽ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയുണ്ടായ ഈ സംഭവവികാസങ്ങൾ മേഖലയിൽ വീണ്ടും ആശങ്ക സൃഷ്ടിക്കുകയാണ്.




Feedback and suggestions