ആഗോള ശ്രദ്ധാകേന്ദ്രമായി ഷെന്‍ഷെന്‍; ട്രംപ്-ഷി-പുടിന്‍ കൂടിക്കാഴ്ച അടുത്തയാഴ്ച


14, November, 2026
Updated on 14, November, 2026 6



വാഷിങ്ടണ്‍: ലോകരാഷ്ട്രീയത്തില്‍ നിര്‍ണായകമായേക്കാവുന്ന കൂടിക്കാഴ്ചയ്ക്കായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ എന്നിവര്‍ അടുത്തയാഴ്ച ചൈനയില്‍ ഒത്തുചേരുന്നു. ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ (APEC) ഉച്ചകോടിയുടെ ഭാഗമായി വ്യാഴാഴ്ച ഷെന്‍ഷെനിലാണ് മൂന്ന് ലോകനേതാക്കളും വേദി പങ്കിടുന്നത്. ലോകത്തിലെ പ്രബല ആണവശക്തികളായ മൂന്ന് രാജ്യങ്ങളുടെ തലവന്മാര്‍ ഒരേ വേദിയില്‍ എത്തുന്നു എന്നത് അന്താരാഷ്ട്രതലത്തില്‍ വലിയ പ്രാധാന്യത്തോടെയാണ് വിലയിരുത്തപ്പെടുന്നത്. വെള്ളിയാഴ്ച വൈറ്റ് ഹൗസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

കൂടിക്കാഴ്ചയില്‍നിന്ന് അടിയന്തര നയതന്ത്ര തീരുമാനങ്ങളോ വലിയ കരാറുകളോ ഉണ്ടാകാന്‍ സാധ്യത കുറവാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. എങ്കിലും, പശ്ചിമേഷ്യയിലെ ഇറാന്‍ സംഘര്‍ഷം, റഷ്യ-യുക്രെയ്ന്‍ യുദ്ധം, ആഗോള വ്യാപാര തര്‍ക്കങ്ങള്‍, ആണവായുധ നിയന്ത്രണം തുടങ്ങിയ ഗൗരവകരമായ വിഷയങ്ങള്‍ നേതാക്കള്‍ക്കിടയില്‍ ചര്‍ച്ചയായേക്കും.

അമേരിക്കയും റഷ്യയും തമ്മിലുള്ള അവസാന ആണവായുധ നിയന്ത്രണ കരാറായ 'ന്യൂ സ്റ്റാര്‍ട്ട്' ഈ വര്‍ഷം ഫെബ്രുവരിയില്‍ കാലാവധി കഴിഞ്ഞതോടെ ഇരുരാജ്യങ്ങളുടെയും ആണവശേഖരത്തിന്മേലുള്ള നിയന്ത്രണങ്ങള്‍ ഇല്ലാതായിരുന്നു. ചൈനയെക്കൂടി ഉള്‍പ്പെടുത്തിയുള്ള പുതിയ ആണവകരാര്‍ വേണമെന്ന നിലപാടിലാണ് ട്രംപ്. എന്നാല്‍, അമേരിക്കയുടെ ഈ ആവശ്യത്തിന് ബെയ്ജിങ് ഇതുവരെ പച്ചക്കൊടി കാട്ടിയിട്ടില്ല.

ആഗോളതലത്തില്‍ ചൈനയുടെ നയതന്ത്ര സ്വാധീനവും കരുത്തും വിളിച്ചോതുന്ന വേദിയാക്കി ഉച്ചകോടിയെ മാറ്റാനാണ് ഷി ജിന്‍പിങ്ങിന്റെ ശ്രമം. 21 രാജ്യങ്ങള്‍ പങ്കെടുക്കുന്ന എപെക് ഉച്ചകോടിയിലൂടെ ചൈനയുടെ അതിവേഗം വളരുന്ന സാങ്കേതിക-വ്യവസായ നഗരമായ ഷെന്‍ഷെന്റെ വികസനക്കുതിപ്പ് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനും ബെയ്ജിങ് ലക്ഷ്യമിടുന്നു.

മറുവശത്ത്, അമേരിക്കയ്ക്കും ചൈനയ്ക്കും ഒപ്പം നില്‍ക്കുന്ന ആഗോളശക്തിയായി റഷ്യയെ അടയാളപ്പെടുത്താനുള്ള അവസരമായാണ് പുടിന്‍ ഈ സന്ദര്‍ശനത്തെ കാണുന്നത്. 2013-ല്‍ അധികാരമേറ്റ ശേഷം ഷി ജിന്‍പിങ് 40-ലേറെ തവണ പുടിനുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. പരസ്പരം 'പ്രിയ സുഹൃത്ത്' എന്ന് വിശേഷിപ്പിക്കുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, സൈനിക സഹകരണം യുക്രെയ്ന്‍ യുദ്ധത്തിന് ശേഷം കൂടുതല്‍ ദൃഢമായിട്ടുണ്ട്. ട്രംപ് മുന്‍പ് പുടിനുമായി ഏഴ് തവണയും ഷിയുമായി എട്ട് തവണയും നേരിട്ട് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.

കീവിനെയും യൂറോപ്യന്‍ രാജ്യങ്ങളെയും ഒഴിവാക്കി യുക്രെയ്ന്‍ വിഷയത്തില്‍ തീരുമാനങ്ങളുണ്ടാകുമോ എന്ന ആശങ്ക യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി പങ്കുവെച്ചു. തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ ധാരണകള്‍ക്ക് ഈ കൂടിക്കാഴ്ച വഴിയൊരുക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, 1945-ല്‍ രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനഘട്ടത്തില്‍ അമേരിക്ക, ബ്രിട്ടന്‍, സോവിയറ്റ് യൂണിയന്‍ നേതാക്കള്‍ യൂറോപ്പിന്റെ ഭാവി നിശ്ചയിച്ച ചരിത്രപ്രസിദ്ധമായ 'യാള്‍ട്ട സമ്മേളന'വുമായി ഷെന്‍ഷെന്‍ കൂടിക്കാഴ്ചയെ താരതമ്യം ചെയ്യുന്നതിനെ റഷ്യ തള്ളി. ഇവിടുത്തെ ചര്‍ച്ചകളിലെ തീരുമാനങ്ങള്‍ മറ്റ് രാജ്യങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാവില്ലെന്നും, പരസ്പര ബഹുമാനത്തിലും താല്‍പര്യത്തിലും അധിഷ്ഠിതമായ ആഗോള ക്രമമാണ് വേണ്ടതെന്നും ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് വ്യക്തമാക്കി.





Feedback and suggestions