ചൈനയ്ക്ക് ചെക്ക് വെക്കാൻ ഇന്ത്യയുടെ ‘ഹിമാലയൻ’ മാസ്റ്റർ സ്ട്രോക്ക്! 1.31 ലക്ഷം കോടിയുടെ ബിലാസ്പൂർ-മണാലി-ലേ റെയിൽപാത വരുന്നു


15, November, 2026
Updated on 15, November, 2026 1



അതിർത്തിയിൽ ചൈന ഉയർത്തുന്ന വെല്ലുവിളികൾക്ക് ശക്തമായ മറുപടി നൽകിക്കൊണ്ട്, ഹിമാചൽ പ്രദേശിലെ ബിലാസ്പൂരിനെ മണാലി വഴി ലഡാക്കിലെ ലേയുമായി ബന്ധിപ്പിക്കുന്ന 489 കിലോമീറ്റർ നീളമുള്ള അതിനിർണ്ണായക ബ്രോഡ്‌ഗേജ് റെയിൽവേ പദ്ധതി യാഥാർത്ഥ്യത്തിലേക്ക്. ഏകദേശം 1.31 ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ ബൃഹദ് പദ്ധതി പൂർത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ സ്റ്റേഷൻ എന്ന അഭിമാന നേട്ടം ഇന്ത്യയ്ക്ക് സ്വന്തമാകും. പദ്ധതിയുടെ ഭാഗമായി ലഡാക്കിലെ തംഗ്ലാങ് ലാ (Tanglang La) ചുരത്തിന് താഴെ നിർമ്മിക്കുന്ന റെയിൽവേ സ്റ്റേഷനാണ് ഈ ലോകറെക്കോർഡ് തിരുത്തുക. സമുദ്രനിരപ്പിൽ നിന്ന് 5,256 മീറ്റർ (17,244 അടി) ഉയരത്തിൽ വിഭാവനം ചെയ്തിരിക്കുന്ന ഈ സ്റ്റേഷൻ നിർമ്മാണം പൂർത്തിയാകുന്നതോടെ, ചൈനയുടെ 5,068 മീറ്റർ ഉയരത്തിലുള്ള ക്വിങ്ഹായ്-ടിബറ്റ് റെയിൽവേയിലെ തംഗുല (Tanggula) സ്റ്റേഷന്റെ റെക്കോർഡാണ് പഴങ്കഥയാകുന്നത്.


489 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റെയിൽപ്പാത സുന്ദർനഗർ, മാണ്ഡി, മണാലി, സിസ്സു, കീലോംഗ്, ദാർച്ച, സർച്ചു, പാങ്, റുംത്സെ, ഉപഷി, ഖാരു എന്നീ പ്രധാന കേന്ദ്രങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ദുർഘടമായ ഹിമാലയൻ മലനിരകളിലൂടെ കടന്നുപോകുന്നതിനാൽ, ആകെ ദൂരത്തിന്റെ പകുതിയിലധികം, അതായത് ഏകദേശം 270 കിലോമീറ്ററും തുരങ്കങ്ങളിലൂടെയായിരിക്കും. പാതയിലുടനീളം അറുപതിലധികം തുരങ്കങ്ങളും നൂറുകണക്കിന് കൂറ്റൻ പാലങ്ങളും വയഡക്റ്റുകളും നിർമ്മിക്കേണ്ടതുണ്ട്. 17,000 അടിക്ക് മുകളിൽ ഓക്സിജന്റെ അളവും വായുസമ്മർദ്ദവും പകുതിയായി കുറയുന്നതിനാൽ, യാത്രക്കാരുടെ സുരക്ഷയ്ക്കായി വിമാനങ്ങളിലേതിന് സമാനമായ രീതിയിൽ പ്രഷറൈസ്ഡ് (Pressurized) കോച്ചുകളായിരിക്കും ഈ പാതയിൽ ഉപയോഗിക്കുക.





Feedback and suggestions