യുഎസിൽ അഞ്ചാംപനി പടരുന്നു; മരണം പത്തായി, രോഗബാധിതർ 5412 കടന്നു


14, November, 2026
Updated on 14, November, 2026 6



​വാഷിങ്ടൺ: അമേരിക്കയിൽ അഞ്ചാംപനി (മീസില്‍സ്) വ്യാപനം അതീവ ഗുരുതരമായി തുടരുന്നു. രാജ്യത്തുടനീളം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5,412 ആയി ഉയർന്നതായി സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) വ്യക്തമാക്കി. വെള്ളിയാഴ്ച വിസ്‌കോൺസിനിലും പെൻസിൽവേനിയയിലും ഓരോ മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രോഗം ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം പത്തായി.

​രാജ്യത്തെ 45 സംസ്ഥാനങ്ങളിൽ ഇതിനോടകം രോഗവ്യാപനം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കിടെ മാത്രം 230 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പെൻസിൽവേനിയയിൽ മാത്രം ഏഴുപേർക്ക് ജീവൻ നഷ്ടമായി. വിസ്‌കോൺസിനിൽ രണ്ടുപേരും ന്യൂയോർക്കിൽ ഒരാളുമാണ് മരിച്ച മറ്റുള്ളവർ.2000 മുതൽ 2024 വരെയുള്ള കാലയളവിൽ പ്രതിവർഷം ശരാശരി 180 കേസുകൾ മാത്രമാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ നിലവിലെ രോഗവ്യാപനം മുൻവർഷങ്ങളിലെ എല്ലാ കണക്കുകളെയും മറികടന്നു. ഇതോടെ, അഞ്ചാംപനി പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്ത രാജ്യമെന്ന പദവി അമേരിക്കയ്ക്ക് നഷ്ടമാകുമോ എന്ന ആശങ്ക ശക്തമായിട്ടുണ്ട്. ഇത് സംബന്ധിച്ച നിർണ്ണായക തീരുമാനം വെള്ളിയാഴ്ച തന്നെ ഉണ്ടായേക്കും.കുട്ടികളിലെ വാക്‌സിനേഷൻ നിരക്കിലുണ്ടായ ഇടിവാണ് രോഗവ്യാപനം രൂക്ഷമാകാൻ പ്രധാന കാരണമായി ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. കിന്റർഗാർട്ടനിൽ പ്രവേശിക്കുന്ന കുട്ടികളിലെ വാക്‌സിനേഷൻ നിരക്ക് 2019-ൽ 95 ശതമാനമായിരുന്നത് 2026 ആയപ്പോഴേക്കും 92 ശതമാനമായി താഴ്ന്നു. ഈ വർഷം സ്‌കൂളുകളിലെത്തിയ ഏകദേശം മൂന്ന് ലക്ഷത്തോളം കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ് ലഭിച്ചിട്ടില്ലെന്നാണ് ഔദ്യോഗിക കണക്ക്. സമൂഹത്തിൽ സമ്പൂർണ്ണ രോഗപ്രതിരോധ ശേഷി (ഹെർഡ് ഇമ്മ്യൂണിറ്റി) ഉറപ്പാക്കാൻ 95 ശതമാനം വാക്‌സിനേഷൻ അനിവാര്യമാണ്. ഈ കുറവ് വരുംദിവസങ്ങളിലും രോഗവ്യാപനം തീവ്രമാക്കാൻ ഇടയാക്കുമെന്ന് ആരോഗ്യമേഖലയിലുള്ളവർ മുന്നറിയിപ്പ് നൽകുന്നു.


​


​




Feedback and suggestions