15, November, 2026
Updated on 15, November, 2026 8
വാഷിങ്ടൺ: അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ചിപ്പുകളിലേക്കുള്ള ചൈനയുടെ പ്രവേശനം നിയന്ത്രിച്ച് അമേരിക്ക. ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനും ചൈനയുടെ സൈനിക ആധുനികവൽക്കരണത്തിന് തടയിടുന്നതിനുമാണ് ഈ നീക്കമെന്നാണ് വാഷിങ്ടണിന്റെ വിശദീകരണം. ആഗോള സാങ്കേതിക രംഗത്തെ മേധാവിത്വം നിലനിർത്തുകയെന്ന ലക്ഷ്യവും നിയന്ത്രണങ്ങൾക്ക് പിന്നിലുണ്ട്. വാണിജ്യ ആവശ്യങ്ങൾക്കു പുറമെ സൈനിക മേഖലകളിലും നിർണായകമായ ഉപയോഗസാധ്യതയുള്ളവയാണ് അത്യാധുനിക എ.ഐ പ്രോസസറുകൾ.
സൈനിക സിമുലേഷനുകൾ, സ്വയം നിയന്ത്രിത ഡ്രോൺ കൂട്ടങ്ങൾ, അത്യാധുനിക സൈബർ യുദ്ധശേഷി എന്നിവ വികസിപ്പിക്കാൻ ഇത്തരം ചിപ്പുകൾ സഹായിക്കുമെന്നാണ് അമേരിക്കൻ അധികൃതരുടെ ആശങ്ക. അതിനാൽ ഉയർന്ന ശേഷിയുള്ള ഗ്രാഫിക്സ് പ്രോസസറുകളുടെ കയറ്റുമതി മാത്രമല്ല, അവ നിർമിക്കാൻ ആവശ്യമായ സെമികണ്ടക്ടർ ഉപകരണങ്ങളുടെ കൈമാറ്റവും നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. അമേരിക്കൻ വാണിജ്യ വകുപ്പിന് കീഴിലുള്ള ബ്യൂറോ ഓഫ് ഇൻഡസ്ട്രി ആൻഡ് സെക്യൂരിറ്റിയാണ് നിയന്ത്രണങ്ങൾ നടപ്പാക്കുന്നത്. ചില ചൈനീസ് നിർമാണകേന്ദ്രങ്ങളിൽ അത്യാധുനിക ചിപ്പുകളുടെ വികസനത്തിനും ഉൽപാദനത്തിനും അമേരിക്കൻ പൗരന്മാരും കമ്പനികളും പിന്തുണ നൽകുന്നതിനും നിയന്ത്രണമുണ്ട്.എന്നാൽ നിയന്ത്രണങ്ങൾക്കിടയിലും ചൈനയിലേക്കുള്ള ചിപ്പ് ഒഴുക്ക് പൂർണമായി തടയാനായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. മൂന്നാംകക്ഷി ഇടനിലക്കാർ വഴി നിയന്ത്രിത ചിപ്പുകൾ കടത്തുന്നതും വഴിതിരിച്ചുവിടുന്നതും സംബന്ധിച്ച അന്വേഷണങ്ങൾ പുറത്തുവന്നിട്ടുണ്ട്. ലക്ഷക്കണക്കിന് ഉയർന്ന ശേഷിയുള്ള പ്രോസസറുകൾ ഇത്തരത്തിൽ ചൈനയിലെത്തിയെന്നാണ് റിപ്പോർട്ടുകളിലെ ആരോപണം. അതേസമയം, ക്ലൗഡ് ഡാറ്റാ സെന്ററുകളിലേക്കുള്ള പ്രവേശനം ഉൾപ്പെടെ കൂടുതൽ മേഖലകളിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കങ്ങളും അമേരിക്കയിൽ ചർച്ചയാകുന്നുണ്ട്. എ.ഐ രംഗത്തെ ആഗോള മേധാവിത്വത്തിനായുള്ള വാഷിങ്ടൺ–ബെയ്ജിങ് മത്സരം വരുംകാല സാങ്കേതിക ലോകത്തിന്റെ ദിശ നിർണയിക്കുന്ന പ്രധാന പോരാട്ടമായി മാറുകയാണ്.