മിസിസിപ്പിയില്‍ ടാങ്കറും ക്രൂയിസ് കപ്പലും കൂട്ടിയിടിച്ചു; വന്‍ദുരന്തം ഒഴിവായി ​180 പേരെയും രക്ഷപ്പെടുത്തി; 32 പേര്‍ക്ക് പരിക്ക്


14, November, 2026
Updated on 14, November, 2026 5


വാഷിംഗ്ടണ്‍: ന്യൂ ഓര്‍ലിയന്‍സിലെ മിസിസിപ്പി നദിയില്‍ ടാങ്കര്‍ കപ്പലും വിനോദസഞ്ചാരികളുമായി സഞ്ചരിച്ചിരുന്ന ക്രൂയിസ് കപ്പലും കൂട്ടിയിടിച്ച് വന്‍ അപകടം. വെള്ളിയാഴ്ചയുണ്ടായ അപകടത്തില്‍ ക്രൂയിസ് കപ്പലിലുണ്ടായിരുന്ന 129 യാത്രക്കാരടക്കം 180 പേരെയും അത്ഭുതകരമായി രക്ഷപ്പെടുത്തി. കൂട്ടിയിടിയുടെ ആഘാതത്തില്‍ ക്രൂയിസ് കപ്പല്‍ ഒരു വശത്തേക്ക് ചരിഞ്ഞ് ഭാഗികമായി വെള്ളത്തില്‍ മുങ്ങി.അറ്റ്‌ലാന്റിക് അസ്ഫാല്‍റ്റ് എന്ന ടാങ്കറാണ് 'അമേരിക്കന്‍ ഹെറിറ്റേജ്' എന്ന ആഡംബര ക്രൂയിസ് കപ്പലിലേക്ക് ഇടിച്ചുകയറിയത്. നദിക്കരയില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ക്രൂയിസ് കപ്പലിലേക്ക് ടാങ്കര്‍ നിയന്ത്രണം വിട്ട് ഇടിച്ചുകയറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ കപ്പലിന്റെ ചില്ലുകളും ലോഹഭാഗങ്ങളും തകര്‍ന്നു. കപ്പല്‍ വെള്ളത്തിലേക്ക് ചരിയാന്‍ തുടങ്ങിയതോടെ യാത്രക്കാരും ജീവനക്കാരും നദിയിലേക്ക് വീണു.സമീപത്തുണ്ടായിരുന്ന ടഗ് ബോട്ടുകളിലെ ജീവനക്കാരും തുറമുഖ തൊഴിലാളികളും പോലീസും ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത് വന്‍ ദുരന്തം ഒഴിവാക്കി. തണുത്ത വെള്ളത്തിലേക്ക് വീണ യാത്രക്കാരെയും രക്ഷാപ്രവര്‍ത്തനത്തിനിടെ വെള്ളത്തില്‍ വീണ രണ്ട് പോലീസുകാരെയും സമീപത്തുണ്ടായിരുന്ന മറ്റ് കപ്പലുകളിലേക്ക് സുരക്ഷിതമായി മാറ്റി. പരിക്കേറ്റ 32 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും കപ്പലിലുണ്ടായിരുന്ന ആരെയും കാണാതായിട്ടില്ലെന്നും ന്യൂ ഓര്‍ലിയന്‍സ് മേയര്‍ ഹെലീന മൊറേനോ അറിയിച്ചു.ടാങ്കറിന്റെ സ്റ്റിയറിങ് സംവിധാനത്തിനുണ്ടായ തകരാറാകാം അപകടകാരണമെന്നാണ് യുഎസ് കോസ്റ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ മെലാനി ബേണ്‍ഹാമിന്റെ പ്രാഥമിക നിഗമനം. ലൂസിയാന, മിസിസിപ്പി സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചുള്ള എട്ട് ദിവസത്തെ വിനോദയാത്ര പൂര്‍ത്തിയാക്കി ന്യൂ ഓര്‍ലിയന്‍സിലേക്ക് മടങ്ങുന്നതിനിടെയാണ് അമേരിക്കന്‍ ക്രൂയിസ് ലൈന്‍സിന്റെ ഉടമസ്ഥതയിലുള്ള 'അമേരിക്കന്‍ ഹെറിറ്റേജ്' അപകടത്തില്‍പ്പെട്ടത്. അഞ്ച് നിലകളുള്ള ഈ കപ്പലിന് 150 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ട്.അപകടമുണ്ടാക്കിയ ടാങ്കര്‍ ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചൈന സ്റ്റേറ്റ് ഷിപ്പ് ബില്‍ഡിങ് കോര്‍പ്പറേഷന്റെ അനുബന്ധ സ്ഥാപനത്തിന്റേതാണെന്നാണ് റിപ്പോര്‍ട്ട്. ലൈബീരിയയില്‍ രജിസ്റ്റര്‍ ചെയ്ത ഈ കപ്പല്‍ അസ്ഫാല്‍റ്റ്, ബിറ്റുമിന്‍ തുടങ്ങിയ വസ്തുക്കള്‍ കൊണ്ടുപോകാനാണ് ഉപയോഗിക്കുന്നത്.








​








​








​








​
























​




Feedback and suggestions