ഓയിൽ ഇന്ത്യ ടാങ്ക് ഫാമിൽ അതിശക്തമായ സ്ഫോടനവും വൻ തീപിടുത്തവും ; നിരവധി തൊഴിലാളികൾക്ക് ഗുരുതര പരിക്ക്


6, November, 2026
Updated on 6, November, 2026 9


അസമിലെ ദിബ്രുഗഡ് ജില്ലയിലുള്ള തെംഗാഖട്ടിലെ ഓയിൽ ഇന്ത്യ ലിമിറ്റഡിന്റെ (OIL) ഇന്റർമീഡിയറ്റ് ടാങ്ക് ഫാമിൽ (ITF) വെള്ളിയാഴ്ച അതിശക്തമായ സ്ഫോടനവും വൻ തീപിടുത്തവും ഉണ്ടായി. അസംസ്‌കൃത എണ്ണ സംഭരണ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തിൽ നിരവധി തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ഒരാളെ കാണാതാവുകയും ചെയ്തു. ഒരു വാൽവ് പ്രവർത്തിപ്പിക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ പ്രദേശം മുഴുവൻ കറുത്ത പുകയാൽ മൂടപ്പെട്ടു.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തപസ് ഗൊഗോയ്, ശൈലൻ ഗൊഗോയ്, കുമുദ് ഗൊഗോയ്, ഗോലാപ് ദത്ത, ഇന്ദ്ര ഗൊഗോയ് എന്നിവരുൾപ്പെടെ അഞ്ചോളം പേരെ ദിബ്രുഗഡിലെ അസം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ദൂരേക്ക് തെറിച്ചുവീണ മറ്റൊരു തൊഴിലാളിക്കായി തിരച്ചിൽ തുടരുകയാണ്. ഇവർ മുംബൈ ആസ്ഥാനമായ സ്പെക്‌ട്രോൺ എഞ്ചിനീയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കരാർ സ്ഥാപനത്തിലെ ജീവനക്കാരാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.സംഭവ സ്ഥലത്ത് എത്തിയ ഓയിൽ ഇന്ത്യയുടെയും അഗ്നിശമന സേനയുടെയും നിരവധി ഫയർ ടെൻഡറുകൾ തീ അണയ്ക്കാനുള്ള തീവ്രശ്രമത്തിലാണ്. ഓയിൽ ഇന്ത്യ ലിമിറ്റഡിലെ മുതിർന്ന ഉദ്യോഗസ്ഥരും പോലീസ് സംഘവും സ്ഥലത്തെത്തി സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നുണ്ട്. പ്രദേശത്ത് സുരക്ഷ ശക്തമാക്കുകയും മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അപകടത്തിന്റെ കൃത്യമായ കാരണവും നാശനഷ്ടങ്ങളുടെ വ്യാപ്തിയും സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
















​





Feedback and suggestions