4, November, 2026
Updated on 4, November, 2026 9
ഇന്ത്യയിലെ നിർണായക ധാതുക്കളുടെ സംസ്കരണ ശേഷി വർധിപ്പിക്കാൻ 2,814 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ലിഥിയം, നിക്കൽ തുടങ്ങിയ നിർണായക ധാതുക്കളുടെ ആഭ്യന്തര സംസ്കരണവും ഉൽപ്പാദനവും പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. അഞ്ച് വർഷത്തേക്കാണ് പദ്ധതി നടപ്പാക്കുന്നത്. 2026-27 സാമ്പത്തിക വർഷം മുതൽ 2030-31 വരെയാണ് കാലാവധി. രാജ്യത്ത് തന്നെ ധാതുക്കൾ സംസ്കരിച്ച് ഉയർന്ന ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ നിർമിക്കുന്നതിനുള്ള സൗകര്യങ്ങൾ വികസിപ്പിക്കും. ഇതിലൂടെ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും ആഭ്യന്തര വ്യവസായങ്ങൾക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനും സാധിക്കുമെന്നാണ് കേന്ദ്ര സർക്കാരിന്റെ പ്രതീക്ഷ.
പദ്ധതിയുടെ ഭാഗമായി നാല് നിർണായക ധാതു സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കും. ഇതിൽ രണ്ട് ലിഥിയം സംസ്കരണ പ്ലാന്റുകളും രണ്ട് നിക്കൽ സംസ്കരണ പ്ലാന്റുകളും ഉൾപ്പെടും. ഓരോ ലിഥിയം പ്ലാന്റിനും കുറഞ്ഞത് 30,000 ടൺ വാർഷിക ശേഷിയും നിക്കൽ പ്ലാന്റുകൾക്ക് കുറഞ്ഞത് 50,000 ടൺ ശേഷിയും ഉണ്ടായിരിക്കും. യോഗ്യമായ നിക്ഷേപത്തിന്റെ 30 ശതമാനം വരെ മൂലധന സബ്സിഡിയായി സർക്കാർ നൽകും. ഒരു ലിഥിയം പ്ലാന്റിന് പരമാവധി 500 കോടി രൂപയും നിക്കൽ പ്ലാന്റിന് 900 കോടി രൂപയുമാണ് സഹായം ലഭിക്കുക. സാങ്കേതിക യോഗ്യതാ പരിശോധനയ്ക്കും തുടർന്ന് സാമ്പത്തിക ബിഡ്ഡിങ്ങിനും ശേഷമായിരിക്കും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക. ഏറ്റവും കുറഞ്ഞ സാമ്പത്തിക സഹായം ആവശ്യപ്പെടുന്ന അപേക്ഷകർക്ക് മുൻഗണന നൽകും. നിശ്ചിത ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ മൂന്ന് ഘട്ടങ്ങളിലായാണ് സാമ്പത്തിക സഹായം വിതരണം ചെയ്യുക. നിക്കലിന്റെ സംസ്കരണത്തിനിടെ ഉപോൽപ്പന്നമായി ലഭിക്കുന്ന കൊബാൾട്ടും വ്യവസായ ആവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്തും.
ഇലക്ട്രിക് വാഹനങ്ങൾ, ലിഥിയം അയൺ ബാറ്ററികൾ, മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, പ്രതിരോധ മേഖല, ഊർജ സംഭരണ സംവിധാനങ്ങൾ എന്നിവയ്ക്ക് നിർണായക ധാതുക്കൾ ഏറെ ആവശ്യമാണ്. എന്നാൽ ലിഥിയം, നിക്കൽ, കൊബാൾട്ട് തുടങ്ങിയ ധാതുക്കളുടെ സംസ്കരണത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇന്ത്യയിൽ ഇപ്പോഴും പരിമിതമാണ്. ഇവയുടെ ശുദ്ധീകരിച്ച ഉൽപ്പന്നങ്ങൾക്കായി വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ട സാഹചര്യവുമുണ്ട്. ആഗോളതലത്തിൽ നിർണായക ധാതു സംസ്കരണ മേഖലയിൽ ചൈനയ്ക്കുള്ള വലിയ ആധിപത്യം വിതരണ ശൃംഖലയിലെ ആശങ്കകൾ വർധിപ്പിക്കുന്നുണ്ട്. ഈ സാഹചര്യം മറികടക്കാൻ ഗുജറാത്ത്, ആന്ധ്രാപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിർണായക ധാതു സംസ്കരണ പാർക്കുകൾ വികസിപ്പിക്കാനും കേന്ദ്രം പദ്ധതിയിടുന്നുണ്ട്. പുതിയ പദ്ധതി ആഭ്യന്തര ഉൽപ്പാദനത്തിന് കരുത്തേകുന്നതിനൊപ്പം ഇലക്ട്രിക് വാഹന-ബാറ്ററി വ്യവസായങ്ങളുടെ വളർച്ചയ്ക്കും രാജ്യത്തിന്റെ തന്ത്രപ്രധാനമായ ധാതു സുരക്ഷയ്ക്കും സഹായകമാകുമെന്നാണ് വിലയിരുത്തൽ.