1, November, 2026
Updated on 1, November, 2026 3
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പാർട്ടികളുടെ ‘ഇന്ത്യാ’ സഖ്യം സംഘടിപ്പിക്കുന്ന ‘ചലോ ദില്ലി’ മഹാറാലിക്ക് തുടക്കമായി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നിന്ന് ആരംഭിച്ച് കൊണാട്ട് പ്ലേസ് വഴി രാംലീല മൈതാനത്തേക്ക് നീങ്ങിയ മാർച്ചിൽ ഇന്ത്യാ സഖ്യ നേതാക്കൾ തുറന്ന വാഹനത്തിലാണ് ഒന്നിച്ചണിനിരന്നത്. രാഹുൽ ഗാന്ധി നയിക്കുന്ന മാർച്ചിൽ പ്രിയങ്കാ ഗാന്ധി, അഖിലേഷ് യാദവ്, മെഹബൂബ മുഫ്തി, തേജസ്വി യാദവ്, ഡി. രാജ, എം.എ. ബേബി, ഫറൂഖ് അബ്ദുള്ള തുടങ്ങിയ പ്രമുഖ പ്രതിപക്ഷ നേതാക്കളെല്ലാം പങ്കെടുക്കുന്നുണ്ട്. തുറന്ന ജീപ്പിലാണ് രാഹുൽ ഗാന്ധി റാലിയിൽ പങ്കെടുക്കുന്നത്.പ്രതിപക്ഷ പാർട്ടികളുടെ വലിയ പങ്കാളിത്തത്തോടെ രാംലീല മൈതാനത്താണ് പൊതുസമ്മേളനം നടക്കുന്നത്. റാലിയിൽ 10 ലക്ഷത്തോളം പേരെ അണിനിരത്താനാണ് ലക്ഷ്യമിടുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. സുപ്രധാന സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ, മുന്നണിക്കുള്ളിൽ രൂപപ്പെട്ട ശക്തമായ ഐക്യത്തോടെയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ സഖ്യം പ്രതിഷേധം ശക്തമാക്കുന്നത്.മഹാറാലിയുടെ പശ്ചാത്തലത്തിൽ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് കേന്ദ്ര സർക്കാർ ഡൽഹിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. 10,000 പോലീസുകാരെയും അർദ്ധസൈനികരെയും തലസ്ഥാനത്തുടനീളം വിന്യസിച്ചിട്ടുണ്ട്. രാംലീല മൈതാനത്തിനു ചുറ്റും മിന്റോ ബ്രിഡ്ജിൽ നിന്നുള്ള വഴിയിലുമായി നാലായിരത്തോളം പോലീസുകാരുണ്ട്. കൊണാട്ട് പ്ലേസ്, ജന്തർ മന്തർ, സുപ്രീം കോടതി, തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസ് പ്രദേശങ്ങളിൽ ബാരിക്കേഡുകൾ ഉയർത്തി സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും 250-ഓളം സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.കഴിഞ്ഞദിവസം മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ വെച്ച് പ്രതിപക്ഷ നേതാക്കൾ ചീഫ് ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ‘ജനകീയ കുറ്റവിചാരണ’ പ്രമേയം പാസാക്കിയിരുന്നു. ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെക്കണമെന്ന ശക്തമായ ആവശ്യമുയർത്തിയാണ് ഇന്ത്യാ സഖ്യം തലസ്ഥാനത്ത് ഈ പ്രതിഷേധ മഹാറാലി സംഘടിപ്പിക്കുന്നത്.