5, November, 2026
Updated on 5, November, 2026 7
ഓൾഡ് ഡൽഹിയിലെ ചാവടി ബസാർ പ്രദേശത്ത് നിർമ്മാണത്തിലിരുന്ന മൂന്നുനില കെട്ടിടം തകർന്നു വീണ് വൻ അപകടം. അപകടത്തിൽ രണ്ടുപേർ മരിക്കുകയും പതിനഞ്ചിലധികം പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുകയും ചെയ്യുന്നു. വ്യാഴാഴ്ച രാവിലെ 9.50 ഓടെ ചാവടി ബസാർ മെട്രോ സ്റ്റേഷന് സമീപമുള്ള ഗലി സിതാരയിലാണ് ദാരുണമായ ഈ സംഭവം നടന്നത്. അപകടം നടന്നയുടൻ തന്നെ പ്രാദേശികവാസികൾ നാല് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.സംഭവം അറിഞ്ഞയുടൻ ഡൽഹി ഫയർ സർവീസിന്റെ ആറിലധികം അഗ്നിശമന സേനാ യൂണിറ്റുകളും ദേശീയ ദുരന്ത നിവാരണ സേനയും (എൻ.ഡി.ആർ.എഫ്) സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രണ്ട് തൊഴിലാളികളുടെ മൃതദേഹങ്ങൾ ഇതുവരെ പുറത്തെടുത്തിട്ടുണ്ട്. അപകടം നടന്ന സ്ഥലം ദുർഘടമായ പ്രദേശമായതിനാൽ രക്ഷാപ്രവർത്തനത്തിനായുള്ള വാഹനങ്ങളും യന്ത്രങ്ങളും എത്തുവാൻ വലിയ പ്രയാസമാണ് നേരിടുന്നത്.അതേസമയം, തുടർച്ചയായ കെട്ടിട അപകടങ്ങളിൽ നഗരസഭയുടെയും സർക്കാരിന്റെയും സുരക്ഷാ പരിശോധനകളിലെ വീഴ്ചയാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. നഗരത്തിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ നിയമസാധുതയെക്കുറിച്ചും സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി. ദുരന്തസ്ഥലത്ത് കുടുങ്ങിക്കിടക്കുന്ന മുഴുവൻ ആളുകളെയും വേഗത്തിൽ പുറത്തെടുക്കാനുള്ള സജ്ജീകരണങ്ങൾ അധികൃതർ ശക്തമാക്കിയിട്ടുണ്ട്.