2, November, 2026
Updated on 2, November, 2026 7
ഡൽഹി: ഡൽഹി രാംലീല മൈതാനത്ത് ഇന്ത്യ സഖ്യം സംഘടിപ്പിച്ച മഹാറാലിയെ തുടർന്ന് തലസ്ഥാനത്തെ വ്യാപാര മേഖലയിൽ 11,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി ആരോപണം. ഡൽഹിയിലെ വ്യാപാരികളുടെ സംഘടനയായ ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രിയാണ് സാമ്പത്തിക നഷ്ടത്തിന്റെ കണക്കുകൾ പുറത്തുവിട്ടത്.റാലി നടന്ന പ്രദേശത്തിന് സമീപമുള്ള 20-ഓളം പ്രധാന മാർക്കറ്റുകളിലെ പ്രവർത്തനം പൂർണ്ണമായും തടസ്സപ്പെട്ടു. പ്രദേശത്തെ മൂന്ന് ലക്ഷത്തോളം കടകളിൽ രണ്ടര ലക്ഷത്തോളം സ്ഥാപനങ്ങൾ അടച്ചിടേണ്ടി വന്നതായി സി.ടി.ഐ ചെയർമാൻ ബ്രിജേഷ് ഗോയൽ വ്യക്തമാക്കി. ചരക്കുനീക്കം സമ്പൂർണ്ണമായി തടസ്സപ്പെട്ടതോടെ 5,000-ഓളം ഗുഡ്സ് വാഹനങ്ങൾ നിരത്തിലിറക്കാനായില്ല. ഉത്സവ സീസണിലെ ഏറ്റവും പ്രധാനപ്പെട്ട വിൽപ്പന നടക്കുന്ന സമയത്തുണ്ടായ ഈ തടസ്സം കച്ചവടക്കാരെ കടുത്ത പ്രതിസന്ധിയിലാക്കിയെന്നും, ഈ ഭീമമായ നഷ്ടത്തിന് ആര് മറുപടി പറയുമെന്നും സംഘടന ചോദിച്ചു. റാലി മൂലം വ്യാപാരികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് മുന്നറിയിപ്പ് നൽകി കത്തയച്ചിരുന്നതായും സംഘടന വ്യക്തമാക്കി.