21, October, 2026
Updated on 21, October, 2026 7
പിയോങ്യാങ്: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യനിലയെക്കുറിച്ചും മരണത്തെക്കുറിച്ചും സമൂഹമാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ, അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് ഉത്തരകൊറിയ. വസ്ത്ര-പാദരക്ഷാ പ്രദർശനം സന്ദർശിക്കുന്ന കിമ്മിന്റെ ചിത്രങ്ങളാണ് ഔദ്യോഗിക പത്രമായ ‘റോഡോങ് സിൻമുൻ’ പ്രസിദ്ധീകരിച്ചത്. മസ്തിഷ്കാഘാതത്തെ തുടർന്ന് 42കാരനായ കിം മരിച്ചെന്നോ കോമയിലാണെന്നോ ഉള്ള അവകാശവാദങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് ചിത്രങ്ങൾ പുറത്തുവന്നത്.
അമേരിക്കയിൽ പ്രവർത്തിക്കുന്ന ചൈനീസ് വംശജനായ വാഞ്ചുൻ ഷി സമൂഹമാധ്യമമായ എക്സിലൂടെ നടത്തിയ അവകാശവാദങ്ങളാണ് അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നത്. കിം മരിച്ചെന്നും പിന്തുടർച്ചാവകാശ പ്രതിസന്ധി ഭയന്ന് ചൈന 9,000 സൈനികരെ പിയോങ്യാങ്ങിലേക്ക് അയച്ചെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു. തുടർന്ന്, കഠിനമായ മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് കിമ്മിന് ചികിത്സ നൽകാൻ ബെയ്ജിങ്ങിലെ പെക്കിങ് യൂണിയൻ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഡോക്ടർമാരുടെ സംഘത്തെ ഉത്തരകൊറിയയിലേക്ക് അയച്ചതായും വാഞ്ചുൻ ആരോപിച്ചു. കിം കോമയിലായെന്നും വിദഗ്ധ ചികിത്സയ്ക്കായി ബെയ്ജിങ്ങിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും മൃതദേഹം രഹസ്യമായി ഉത്തരകൊറിയയിലേക്ക് തിരിച്ചെത്തിച്ചെന്നുമായിരുന്നു തുടർന്നുള്ള അവകാശവാദങ്ങൾ. എന്നാൽ ഈ ആരോപണങ്ങൾക്ക് തെളിവുകളോ ദൃക്സാക്ഷികളുടെ പിന്തുണയോ ഉണ്ടായിരുന്നില്ല.പുതുതായി പുറത്തുവന്ന ചിത്രങ്ങളിൽ, കൈയിൽ പിടിച്ചിരിക്കുന്ന കുഞ്ഞിന്റെ പിങ്ക് ഷൂ കിം പരിശോധിക്കുന്നതായി കാണാം. മറ്റൊരു ചിത്രത്തിൽ ഉദ്യോഗസ്ഥരോട് സംസാരിക്കുന്നതും കൈകൾ നീട്ടിപ്പിടിച്ച് നിൽക്കുന്നതും കാണാം. മാനുക്വിനിൽ പ്രദർശിപ്പിച്ചിരിക്കുന്ന തുരുമ്പിച്ച നിറത്തിലുള്ള വനിതാ കോട്ടിന്റെ കൈകളിൽ സ്പർശിച്ചുനിൽക്കുന്ന കിമ്മിന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. നിരവധി സഹായികളും ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ട്. കിം യോ ജോങ് രഹസ്യമായി ഭരണകൂടത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ടോ എന്ന തരത്തിലുള്ള സംശയങ്ങളും നേരത്തെ ഉയർന്നിരുന്നു. പുതിയ ചിത്രങ്ങൾ പുറത്തുവന്നതോടെ കിമ്മിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ വീണ്ടും ചർച്ചയായിരിക്കുകയാണ്.
കിം ജോങ് ഉന്നിന്റെ മരണത്തെക്കുറിച്ച് അഭ്യൂഹങ്ങൾ ഉയരുന്നത് ഇതാദ്യമല്ല. 2020ൽ ഹൃദയശസ്ത്രക്രിയയെ തുടർന്ന് കിം മരിച്ചെന്ന അവകാശവാദം ദക്ഷിണകൊറിയൻ നിയമസഭാംഗവും ഉത്തരകൊറിയൻ വിമതനുമായ ജി സിയോങ്-ഹോ ഉന്നയിച്ചിരുന്നു. എന്നാൽ പിന്നീട് കിം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടതോടെ ആ അവകാശവാദം തെറ്റാണെന്ന് വ്യക്തമായി. തുടർന്ന് ജി സിയോങ്-ഹോ പരസ്യമായി മാപ്പുപറയുകയും ചെയ്തു. സമാനമായ രീതിയിൽ തെളിവുകളില്ലാത്ത അവകാശവാദങ്ങളാണ് ഇത്തവണയും പ്രചരിച്ചതെന്നാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്. ഔദ്യോഗിക ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ടെങ്കിലും കിമ്മിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ഉത്തരകൊറിയയുടെ ഭാഗത്തുനിന്ന് കൂടുതൽ വിശദീകരണം ലഭിച്ചിട്ടില്ല.