ചിക്കാഗോ ഒ’ഹെയര്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു: യാത്രക്കാര്‍ സുരക്ഷിതര്‍


21, October, 2026
Updated on 21, October, 2026 9


വാഷിംഗടണ്‍: ചിക്കാഗോ ഒ’ഹെയര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. ചൊവ്വാഴ്ച നടന്ന സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) അറിയിച്ചു. സുരക്ഷിതമായി ലാന്‍ഡ് ചെയ്തതിന് പിന്നാലെ ബ്രേക്കിന് തകരാറുണ്ടെന്നും ടയര്‍ പൊട്ടിയെന്നും അമേരിക്കന്‍ എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് 41-ലെ പൈലറ്റുമാര്‍ റിപ്പോര്‍ട്ട് ചെയ്തതായി എഫ്എഎ പ്രസ്താവനയില്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ വലതുവശത്തെ ബ്രേക്ക് ശരിയായി പ്രവര്‍ത്തിക്കാത്തതായിരിക്കാമെന്ന് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തെ അറിയിക്കുന്ന ശബ്ദരേഖ പുറത്തുവന്നു. തുടര്‍ന്ന് പൈലറ്റുമാര്‍ അടിയന്തര സാഹചര്യം പ്രഖ്യാപിക്കുകയും റണ്‍വേയില്‍ വിമാനം നിര്‍ത്തുകയും ചെയ്തു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ വിമാനത്താവളത്തിലെ റണ്‍വേ പരിസരത്ത് സ്റ്റെയര്‍കേസുകള്‍ ഉപയോഗിച്ച് പുറത്തിറക്കി. പിന്നീട് ബസുകളിലാണ് ഇവരെ ടെര്‍മിനലിലേക്ക് മാറ്റിയത്.ബാഴ്സലോണയില്‍നിന്ന് എത്തിയ ബോയിംഗ് 787-800 വിമാനത്തിലാണ് സംഭവം ഉണ്ടായത്. വിമാനത്തില്‍ 234 യാത്രക്കാരും 11 ജീവനക്കാരുമുണ്ടായിരുന്നുവെന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് അറിയിച്ചു. തകരാറുണ്ടായ വിമാനത്തെ സര്‍വീസില്‍നിന്ന് മാറ്റിയതായും വിശദമായ പരിശോധനയ്ക്കായി അറ്റകുറ്റപ്പണി വിഭാഗത്തിന് കൈമാറിയതായും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. ജീവനക്കാര്‍ പ്രകടിപ്പിച്ച പ്രൊഫഷണലിസത്തിന് നന്ദി അറിയിക്കുന്നതായും യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.ലാന്‍ഡിങ്ങിനിടെ വലിയൊരു ശബ്ദം കേട്ടതായി വിമാനത്തിലെ യാത്രക്കാരനായ ജോണ്‍ അബേറ്റ് പറഞ്ഞു. റണ്‍വേയുടെ അറ്റത്ത് വിമാനം നിര്‍ത്തിയശേഷം കുറച്ചുനേരം അനങ്ങാതെ കിടന്നെന്നും അദ്ദേഹം എബിസി ന്യൂസിനോട് പറഞ്ഞു. വിമാനം നീങ്ങാതിരുന്നതിന്റെ കാരണം അറിയാതെ യാത്രക്കാര്‍ ആശങ്കയിലായിരുന്നുവെന്നും പിന്നീട് വിമാനത്തിന്റെ ഇടതുവശത്തെ ടയറുകള്‍ പൊട്ടിയതായി ക്യാപ്റ്റന്‍ അറിയിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.സംഭവത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അന്വേഷണം നടത്തിവരികയാണ്. ബ്രേക്കിലെ തകരാറാണോ ടയര്‍ പൊട്ടലിന് കാരണമായത്, അതോ മറ്റേതെങ്കിലും സാങ്കേതിക പ്രശ്‌നമാണോ സംഭവത്തിലേക്ക് നയിച്ചതെന്ന കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല. പരിശോധന പൂര്‍ത്തിയാക്കിയശേഷം മാത്രമേ വിമാനം വീണ്ടും സര്‍വീസിന് ഉപയോഗിക്കാനാകുമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ. അപകടസാധ്യതയുള്ള സാഹചര്യമുണ്ടായിട്ടും യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കാന്‍ കഴിഞ്ഞത് ആശ്വാസകരമാണെന്നാണ് പ്രാഥമിക വിവരം.


























Feedback and suggestions