ഫോര്‍ട്ട് ഹുഡ് വധശിക്ഷ തല്‍സമയം കാണിക്കുമോ എന്നതില്‍ തീരുമാനമായിട്ടില്ലെന്നു ട്രംപ്


10, October, 2026
Updated on 10, October, 2026 3


വാഷിംഗ്ടണ്‍: അമേരിക്കയിലെ ഫോര്‍ട്ട് ഹുഡ് സൈനിക താവളത്തില്‍ വെടിവെപ്പ് നടത്തി 13 പേരെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിദാല്‍ ഹസന്റെ ശിക്ഷ തത്സമയം സംപ്രേഷണം ചെയ്യുന്നതില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെള്ളിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ വെടിവെപ്പിലൂടെ വധശിക്ഷ നടപ്പാക്കുന്നതിനെ അദ്ദേഹം പിന്തുണച്ചു. ശിക്ഷ നടപ്പാക്കുന്ന രീതിയേക്കാള്‍ അത് നടപ്പാക്കുക എന്നതാണ് പ്രധാനമെന്ന നിലപാടാണ് ട്രംപ് പ്രകടിപ്പിച്ചത്. വധശിക്ഷ ലൈവായി കാണിക്കുമെന്ന വാര്‍ത്തയില്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് ഉള്‍പ്പെടെയുള്ളവര്‍ ഭിന്നാഭിപ്രായവുമായി രംഗത്തു വന്നിരുന്നു. ഇതിനുപിന്നാലെയാണ് ഈ വിഷയത്തില്‍ പ്രസിഡന്റ് ട്രംപ് പ്രതികരണം നടത്തിയിട്ടുള്ളത്.ഡിസംബര്‍ മൂന്നിന് നിദാല്‍ ഹസന്റെ വധശിക്ഷ നെടപ്പാക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത് പൊതുജനങ്ങള്‍ക്ക് തത്സമയം കാണാന്‍ കഴിയുന്ന രീതിയില്‍ സംപ്രേഷണം ചെയ്യണമോയെന്ന കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ തീരുമാനമെടുക്കുകയാണെന്ന് ട്രംപ് പറഞ്ഞു. അതുസംബന്ധിച്ച് അവര്‍ തീരുമാനമെടുക്കുകയാണ്. എന്നാല്‍ വധശിക്ഷ നടപ്പാക്കും.എങ്ങനെയാണ് അത് നടക്കുന്നതെന്നതില്‍ തനിക്കു വലിയ കാര്യമില്ലെന്നും ശിക്ഷനടപ്പാക്കിയാല്‍ മതിയെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം.2009 നവംബര്‍ അഞ്ചിനാണ് ടെക്‌സസിലെ ഫോര്‍ട്ട് ഹുഡ് സൈനിക താവളത്തില്‍ നിദാല്‍ ഹസന്‍ വെടിവെപ്പ് നടത്തിയത്. ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സൈനികരായിരുന്നു. സംഭവസ്ഥലത്തെത്തിയ സിവിലിയന്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വെടിയേറ്റതിനെത്തുടര്‍ന്ന് ഹസന്‍ അരയ്ക്ക് താഴെ തളര്‍ന്ന നിലയിലായി. കേസില്‍ 2013-ല്‍ സൈനിക ജൂറിയാണ് ഇയാള്‍ക്ക് വധശിക്ഷ വിധിച്ചത്.ഹസന്റെ വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാനുള്ള സാധ്യത നേരത്തെ തന്നെ അമേരിക്കയില്‍ വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഉള്‍പ്പെടെയുള്ളവര്‍ സംപ്രേഷണത്തെക്കുറിച്ച് സംശയം പ്രകടിപ്പിക്കുകയും തത്സമയം കാണാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. വധശിക്ഷ പൊതുവേദിയില്‍ പ്രദര്‍ശിപ്പിക്കുന്നത് മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുമെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അമേരിക്കന്‍ രാഷ്ട്രീയ നേതാക്കള്‍ക്കിടയിലും ഈ വിഷയത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയരുന്നത്.അതേസമയം, വധശിക്ഷയുടെ തത്സമയ സംപ്രേഷണത്തിന് അനുമതി നല്‍കുമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനം പുറത്തുവന്നിട്ടില്ല. ഡിസംബര്‍ മൂന്നിന് ശിക്ഷ നടപ്പാക്കാന്‍ നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തില്‍, പെന്റഗണിന്റെയും ബന്ധപ്പെട്ട അധികാരികളുടെയും തുടര്‍നടപടികളിലേക്കാണ് ശ്രദ്ധ. വധശിക്ഷ നടപ്പാക്കുന്നതിനെ പിന്തുണയ്ക്കുന്ന ട്രംപിന്റെ നിലപാടിനൊപ്പം, അത് പൊതുജനങ്ങള്‍ക്ക് മുന്നില്‍ സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവാദവും അമേരിക്കയില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയാണ്.















Feedback and suggestions