9, October, 2026
Updated on 9, October, 2026 9
വാഷിംഗ്ടണ്‍’ സ്പസ് എക്‌സ്, ടെസ്ല മേധാവി ഇലോണ്‍ മസ്‌ക് ആധുനീക കാലത്തെ തോമസ് എഡിസണെന്ന പരമാര്‍ശം നടത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
അമേരിക്കയുടെ പരമോന്നത ശാസ്ത്ര പുരസ്‌കാരമായ നാഷണല്‍ മെഡല്‍ ഓഫ് സയന്‍സ് സമ്മാനിച്ചു പ്രസംഗിക്കുകയായിരുന്നു ട്രംപ്. മസ്‌കിനെ ദേശീയ സമ്പത്ത് എന്നും വിശേഷിപ്പിച്ചു.ഇരുവരും തമ്മിലുണ്ടായ രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങള്‍ക്കുശേഷം ബന്ധം വീണ്ടും മെച്ചപ്പെടുന്നതിനിടെയാണ് പുരസ്‌കാരദാനം.
വാഷിങ്ടണില്‍ നടന്ന ‘സയന്‍സ്: എ ന്യൂ ഗോള്‍ഡന്‍ ഏജ്’ എന്ന പരിപാടിയില്‍ മസ്‌കിന് പുറമെ ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്‍, എന്‍വിഡിയ സിഇഒ ജെന്‍സന്‍ ഹുവാങ്, എഎംഡി മേധാവി ലിസ സു എന്നിവര്‍ക്കും നാഷണല്‍ മെഡല്‍ ഓഫ് സയന്‍സ് സമ്മാനിച്ചത്. കമ്പ്യൂട്ടര്‍ രംഗത്തെ പ്രമുഖന്‍ മൈക്കല്‍ ഡെല്ലിനും മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയ്ക്കും നാഷണല്‍ മെഡല്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് ഇന്നൊവേഷന്‍ പുരസ്‌കാരം ലഭിച്ചു. ട്രംപ് പങ്കെടുത്ത ചടങ്ങില്‍ മസ്‌കിന് മെഡല്‍ അടങ്ങിയ പെട്ടി കൈമാറുകയും അഭിനന്ദിക്കുകയും ചെയ്തു.
2025ല്‍ വൈറ്റ് ഹൗസിന്റെ ചെലവുചുരുക്കല്‍ വിഭാഗമായ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സിയില്‍ നിന്നുള്ള മസ്‌കിന്റെ പിന്മാറ്റത്തെത്തുടര്‍ന്നാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളായത്. ട്രംപ് ഭരണകൂടത്തിന്റെ നികുതിചെലവ് ബില്ലിനെ മസ്‌ക് രൂക്ഷമായി വിമര്‍ശിച്ചതോടെയാണ് തര്‍ക്കം രൂക്ഷമായത്. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിനു ഏറ്റവും കൂടതല്‍ സംഭാവന നല്‍കിയ വ്യക്തികളില്‍ ഒരാളായിരുന്നു മസ്‌ക്. മാസങ്ങളോളം വൈറ്റ് ഹൗസ് സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുകയും സര്‍ക്കാര്‍ വകുപ്പുകളിലെ ചെലവുകള്‍ കുറയ്ക്കുന്നതിനുള്ള നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിരുന്നു.
ബന്ധം വഷളായ ഘട്ടത്തില്‍ ട്രംപ് മസ്‌കിനെ നാടുകടത്തുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍, അന്തരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട വിഷയത്തില്‍ ട്രംപിനെതിരെ മസ്‌കും ആരോപണങ്ങളുന്നയിച്ചിരുന്നു. എന്നാല്‍ സമീപ മാസങ്ങളില്‍ ഇരുവരും വീണ്ടും അടുക്കുന്നതിന്റെ സൂചനകള്‍ പുറത്തുവന്നു. സെപ്റ്റംബറില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനായി ട്രംപ് ഒരുക്കിയ ഔദ്യോഗിക വിരുന്നില്‍ മസ്‌ക് പങ്കെടുത്തു. കഴിഞ്ഞയാഴ്ച വൈറ്റ് ഹൗസില്‍ നടന്ന നിര്‍മിതബുദ്ധിചര്‍ച്ചകളിലും അദ്ദേഹം പങ്കെടുത്തു. എഐയുടെ സാധ്യതയുള്ള അപകടങ്ങള്‍ നേരിടാന്‍ സ്വയം നിയന്ത്രണ നടപടികള്‍ സ്വീകരിക്കുമെന്ന് മസ്‌ക് ഉള്‍പ്പെടെയുള്ള സാങ്കേതിക മേഖലയിലെ പ്രമുഖര്‍ യോഗത്തില്‍ ഉറപ്പുനല്‍കിയിരുന്നു.എഐയ്ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യങ്ങളോട് ട്രംപ് ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ചയുടെ പുതിയ യുഗത്തിന് എഐ നിര്‍ണായകമാണെന്നാണ് അദ്ദേഹത്തിന്റെ വാദം. അതേസമയം, എഐ എന്നതിന് പകരം ‘സൂപ്പര്‍ ഇന്റലിജന്‍സ്’ എന്ന പദം ഉപയോഗിക്കാത്തവരെ ‘ശത്രുക്കള്‍’ എന്ന് വിശേഷിപ്പിക്കുമെന്ന മുന്നറിയിപ്പും ട്രംപ് നല്‍കി. ചടങ്ങില്‍, മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എംഐടി) പ്രൊഫസറായിരുന്ന തന്റെ അന്തരിച്ച അമ്മാവന്‍ ജോണ്‍ ട്രംപിന് മരണാനന്തരമായി ലഭിച്ച നാഷണല്‍ മെഡല്‍ ഓഫ് സയന്‍സും ട്രംപിന് കൈമാറി. 1983ല്‍ അന്തരിച്ച അമ്മാവനില്‍നിന്ന് തനിക്ക് ഉയര്‍ന്ന ബുദ്ധിശക്തി പാരമ്പര്യമായി ലഭിച്ചിട്ടുണ്ടെന്ന് ട്രംപ് പലപ്പോഴും അവകാശപ്പെട്ടിട്ടുണ്ട്.