ട്രംപ്-പുടിന്‍ നിര്‍ണായക ധാരണ! ഡീസല്‍ വില കുതിച്ചുയരുന്നത് തടയാന്‍ അമേരിക്കയ്ക്ക് റഷ്യ ഇന്ധനം നല്‍കും


10, October, 2026
Updated on 10, October, 2026 3


വാഷിംഗടണ്‍: ഇറാനുമായുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കുതിച്ചുയരുന്ന ഊര്‍ജവില നിയന്ത്രിക്കാന്‍ നിര്‍ണായക നീക്കവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ അമേരിക്കയിലേക്കും ആഗോള വിപണിയിലേക്കും വന്‍തോതില്‍ ഡീസല്‍ വിതരണം ചെയ്യാന്‍ സമ്മതിച്ചതായി ട്രംപ് അറിയിച്ചു. പുടിനുമായി നടത്തിയ ചര്‍ച്ചകള്‍ക്കു പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെയാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. റഷ്യ ഉടന്‍തന്നെ മൂന്നു ലക്ഷം ടണ്ണിലധികം ഡീസല്‍ അമേരിക്ക ഉള്‍പ്പെടെയുള്ള ആഗോള വിപണികളിലേക്ക് എത്തിക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.നവംബറില്‍ അഞ്ചു ലക്ഷം ടണ്‍ ഡീസല്‍ കൂടി റഷ്യ വിതരണം ചെയ്യുമെന്നും അതിനുശേഷം ഉടന്‍ 10 ലക്ഷം ടണ്‍ അധികമായി ലഭ്യമാക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലെ കുറിപ്പില്‍ വ്യക്തമാക്കി. ഇന്ധനവില വര്‍ധനയില്‍ ആശങ്കയിലായ ഉപഭോക്താക്കള്‍ക്കും വ്യാപാരമേഖലയ്ക്കും ആശ്വാസം പകരുന്നതാണ് ഈ നീക്കമെന്നാണ് ട്രംപിന്റെ അവകാശവാദം. അമേരിക്കയിലെ കര്‍ഷകര്‍, കാലിവളര്‍ത്തല്‍ മേഖലയിലുള്ളവര്‍, ചരക്കുഗതാഗത രംഗത്തെ ട്രക്ക് ഡ്രൈവര്‍മാര്‍ എന്നിവരുടെ ചെലവ് കുറയ്ക്കുന്നതാണ് തന്റെ പ്രധാന മുന്‍ഗണനയെന്നും അദ്ദേഹം പറഞ്ഞു.റഷ്യന്‍ ഡീസല്‍ ആഗോള വിപണിയിലേക്ക് എത്തിക്കുന്നതിനായി അമേരിക്കന്‍ ട്രഷറി വകുപ്പ് 2027 ഏപ്രില്‍ വരെ പ്രാബല്യമുള്ള താല്‍ക്കാലിക ലൈസന്‍സ് അനുവദിച്ചിട്ടുണ്ട്. 2022-ല്‍ യുക്രെയ്നില്‍ റഷ്യ അധിനിവേശം ആരംഭിച്ചതിനുശേഷം അമേരിക്കയും സഖ്യകക്ഷികളും റഷ്യയക്കെതിരേ നിരവധി ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ റഷ്യന്‍ എണ്ണ വില്‍പ്പനയ്ക്ക് താല്‍ക്കാലിക ഇളവുകള്‍ അനുവദിക്കുന്നതിനെതിരെ ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. ഇത്തരം നീക്കങ്ങള്‍ യുക്രെയ്നിലെ യുദ്ധം തുടരാന്‍ റഷ്യയ്ക്ക് ആവശ്യമായ വരുമാനം തടയാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ബാധിക്കുമെന്നാണ് വിമര്‍ശനം.അതേസമയം, റഷ്യയുടെ യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പുതിയ നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി അമേരിക്കന്‍, യുക്രെയ്ന്‍, യൂറോപ്യന്‍ ഉദ്യോഗസ്ഥര്‍ മിയാമിയില്‍ ചര്‍ച്ചകള്‍ നടത്താനിരിക്കെയാണ് ട്രംപിന്റെ പ്രഖ്യാപനം പുറത്തുവന്നത്. 2022 ഫെബ്രുവരിയില്‍ സമ്പൂര്‍ണ അധിനിവേശം ആരംഭിച്ച റഷ്യ ഇപ്പോഴും യുക്രെയ്ന്റെ ഏകദേശം അഞ്ചിലൊന്ന് പ്രദേശം നിയന്ത്രിക്കുന്നുണ്ട്. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങളും ഊര്‍ജവിപണിയിലെ പുതിയ നീക്കങ്ങളും ഒരേസമയം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് റഷ്യന്‍ ഇന്ധന വിതരണവുമായി ബന്ധപ്പെട്ട പ്രഖ്യാപനം ശ്രദ്ധേയമാകുന്നത്.അമേരിക്കയില്‍ വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് ട്രംപിന്റെ പ്രഖ്യാപനം എന്നതും രാഷ്ട്രീയമായി പ്രധാനമാണ്. കോണ്‍ഗ്രസിലെ നിലവിലെ സ്വാധീനം നഷ്ടപ്പെടാനുള്ള സാധ്യത റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേരിടുന്നതിനിടെ, ജീവിതച്ചെലവിലെ വര്‍ധന വോട്ടര്‍മാരെ ആശങ്കപ്പെടുത്തുന്നുണ്ട്. റഷ്യയില്‍നിന്നുള്ള അധിക ഡീസല്‍ വിതരണം ഇന്ധനവില വേഗത്തില്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ട്രംപിന്റെ പ്രതീക്ഷ. എന്നാല്‍ പ്രഖ്യാപിച്ച അളവിലുള്ള ഇന്ധനം എപ്പോള്‍ വിപണിയിലെത്തുമെന്നും ആഗോള വിലയില്‍ എത്രത്തോളം മാറ്റമുണ്ടാക്കുമെന്നും വരും ദിവസങ്ങളില്‍ വ്യക്തമാകും.


































Feedback and suggestions