പശ്ചിമേഷ്യയില്‍ നിന്നും യുഎസ്എസ് ഏബ്രഹാം ലിങ്കണ്‍ സാന്‍ഡിയാഗോ തുറമുഖത്ത് മടങ്ങിയെത്തി


9, October, 2026
Updated on 9, October, 2026 7


സാന്‍ ഡിയേഗോ: ഇറാനെതിരായ യുഎസ് സൈനിക നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനായി മാസങ്ങളോം കടലില്‍ തുടര്‍ന്ന അമേരിക്കയുടെ വിമാനവാഹിനിക്കപ്പല്‍ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ യുഎസ് തുറമുഖത്ത് തിരിച്ചെത്തി. വ്യാഴാഴ്ച കാലിഫോര്‍ണിയയിലെ സാന്‍ ഡിയേഗോ തുറമുഖത്തെത്തിയ കപ്പലിലെ സൈനികരെ അവരുടെ കുടുംബാംഗങ്ങള്‍ ആവേശത്തോടെ സ്വീകരിച്ചു. ഏകദേശം ഒരു വര്‍ഷത്തോളം പ്രിയപ്പെട്ടവരെ നേരില്‍ കാണാന്‍ കഴിയാതിരുന്ന കുടുംബങ്ങള്‍ക്ക് കപ്പലിന്റെ മടക്കം ആശ്വാസമായി.


2025 നവംബറില്‍ ദക്ഷിണ ചൈനാക്കടലില്‍ വിന്യസിക്കുന്നതിനായി കാലിഫോര്‍ണിയയില്‍നിന്ന് പുറപ്പെട്ട കപ്പലിനെ പിന്നീട് മിഡില്‍ ഈസ്റ്റിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ച യുഎസ്-ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് മുന്നോടിയായിട്ടായിരുന്നു ഈ നീക്കം. തുടര്‍ന്ന് സെപ്റ്റംബര്‍ ആദ്യം തായ്ലന്‍ഡില്‍ തുറമുഖ സന്ദര്‍ശനം നടത്തിയതൊഴിച്ചാല്‍ കപ്പല്‍ ദീര്‍ഘകാലം കടലില്‍ തുടര്‍ന്നു. കപ്പലിലെ സൈനികര്‍ക്ക് കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തുന്നതും പലപ്പോഴും പ്രയാസകരമായിരുന്നു.ദീര്‍ഘകാലം പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത സ്ഥിതിയിലായിരുന്നു സൈനീകര്‍. ഓഗസ്റ്റില്‍ ഭക്ഷ്യക്ഷാമവും ആത്മഹത്യാശ്രമങ്ങളുമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ സൈനികരുടെ കുടുംബങ്ങളും നിയമനിര്‍മാതാക്കളും ഉന്നയിച്ചു. കപ്പലിലെ എട്ടു സെനികര്‍ ആത്മഹത്യാശ്രമങ്ങള്‍ നടത്തിയതായി ട്രംപ് ഭരണകൂടം കഴിഞ്ഞ മാസം ഒരു നിയമനിര്‍മാതാവിന് അയച്ച കത്തില്‍ സമ്മതിച്ചിരുന്നു.കപ്പല്‍ തുറമുഖത്തെത്തുന്നതിന് ഒരു ദിവസം മുമ്പ് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് കപ്പലിലെത്തി സൈനികരെ അഭിനന്ദിച്ചിരുന്നു. ലിങ്കണ്‍ വിമാനവാഹിനിക്കപ്പല്‍ സംഘം കൈവരിച്ച നേട്ടങ്ങള്‍ സമാനതകളില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ദൗത്യത്തിനിടെ 10,000 സോര്‍ട്ടികളും 23,000 മണിക്കൂര്‍ യുദ്ധവിമാന പറക്കലുകളും ഏകദേശം 4,000 യുദ്ധവിമാന ദൗത്യങ്ങളും നടത്തിയതായി ഹെഗ്‌സെത്ത് വ്യക്തമാക്കി. ശത്രുസേനകള്‍ക്കെതിരായ അസാധാരണ ധീരതയ്ക്ക് വിമാനവാഹിനിക്കപ്പല്‍ സംഘത്തിന് പ്രസിഡന്‍ഷ്യല്‍ യൂണിറ്റ് സിറ്റേഷന്‍ പുരസ്‌കാരവും അദ്ദേഹം പ്രഖ്യാപിച്ചു.










Feedback and suggestions