ഇന്ത്യൻ ഐടി ജീവനക്കാർക്ക് തിരിച്ചടി; ഗ്രീൻ കാർഡ് നടപടികൾക്ക് കമ്പനികൾക്ക് വിലക്കുമായി ട്രംപ് ഭരണകൂടം


9, October, 2026
Updated on 9, October, 2026 8


അമേരിക്കയിലെ ഇന്ത്യൻ ഐടി ജീവനക്കാർക്ക് തിരിച്ചടിയായി ഗ്രീൻ കാർഡ് നടപടികളുമായി ബന്ധപ്പെട്ട് പ്രമുഖ കമ്പനികൾക്കെതിരെ ട്രംപ് ഭരണകൂടത്തിന്റെ നടപടി. ഇൻഫോസിസ്, ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), വിപ്രോ എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ കമ്പനികൾ നടപടിയുടെ പരിധിയിൽ വന്നതായാണ് റിപ്പോർട്ടുകൾ. എച്ച്-1ബി വിസാ വ്യവസ്ഥകൾ ദുരുപയോഗം ചെയ്തെന്നാരോപിച്ചാണ് നടപടിയെന്നാണ് വിശദീകരണം. മൈക്രോസോഫ്റ്റ്, അഡോബി തുടങ്ങിയ ആഗോള കമ്പനികൾക്കെതിരെയും നടപടിയുണ്ടെന്നാണ് വിവരം. വിഷയത്തിൽ ഇന്ത്യ അമേരിക്കയെ പ്രതിഷേധം അറിയിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.


അമേരിക്കയ്ക്ക് പുറത്തുനിന്നുള്ള ജീവനക്കാർക്ക് സ്ഥിരതാമസത്തിനുള്ള അനുമതി നേടാൻ സഹായിക്കുന്ന ഗ്രീൻ കാർഡ് നടപടികളുമായി ബന്ധപ്പെട്ടാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇൻഫോസിസ്, ടിസിഎസ്, വിപ്രോ, എച്ച്‌സിഎൽ, കോഗ്നിസന്റ് തുടങ്ങിയ ഇന്ത്യൻ കമ്പനികൾക്കൊപ്പം ക്യാപ്‌ജെമിനി, മൈക്രോസോഫ്റ്റ്, അഡോബി തുടങ്ങിയ കമ്പനികളും നടപടിയുടെ പരിധിയിലുണ്ടെന്നാണ് റിപ്പോർട്ട്. ഈ കമ്പനികളുടെ പുതിയ പി.ഇ.ആർ.എം (PERM) അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തിയതായും നിലവിലുള്ള അപേക്ഷകളുടെ തുടർനടപടികൾ തടഞ്ഞതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.


വിദേശ ജീവനക്കാരെ നിയമിക്കുന്നതിലൂടെ അമേരിക്കൻ പൗരന്മാരുടെ തൊഴിലവസരങ്ങൾ നഷ്ടമാകുന്നുവെന്നാണ് യുഎസ് വൈസ് പ്രസിഡന്റിന്റെ വിശദീകരണം. എച്ച്-1ബി വിസയിൽ ജോലി ചെയ്യുന്നവർക്ക് തൊഴിൽ അടിസ്ഥാനമാക്കിയുള്ള ഗ്രീൻ കാർഡ് ലഭിക്കുന്നതിനുള്ള പ്രധാന ഘട്ടമാണ് പി.ഇ.ആർ.എം തൊഴിൽ സർട്ടിഫിക്കേഷൻ. ഇതുമായി ബന്ധപ്പെട്ട നടപടികൾ തടസ്സപ്പെട്ടാൽ അമേരിക്കയിൽ സ്ഥിരതാമസത്തിന് ശ്രമിക്കുന്ന നിരവധി ഇന്ത്യൻ ഐടി ജീവനക്കാരുടെ ഗ്രീൻ കാർഡ് നടപടികൾ വൈകാൻ സാധ്യതയുണ്ട്. വിലക്കിന്റെ വ്യാപ്തിയും കാലാവധിയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതോടെ മാത്രമേ ജീവനക്കാരെ ഇത് എത്രത്തോളം ബാധിക്കുമെന്നത് വ്യക്തമാകൂ.




Feedback and suggestions