9, October, 2026
Updated on 9, October, 2026 6
ഡൽഹി: വ്യോമയാന ഇന്ധനവിലയിലുണ്ടായ തുടർച്ചയായ വർധനവിനെ തുടർന്ന് ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകളുടെ ഫ്യുവൽ സർചാർജ് വർധിപ്പിച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. ആഗോള വിപണിയിലെ എണ്ണവില വ്യതിയാനവും പ്രവർത്തനച്ചെലവ് ഉയർന്നതുമാണ് നിരക്ക് കൂട്ടാൻ കാരണം. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഇൻഡിഗോയും സമാനരീതിയിൽ ഫ്യുവൽ സർചാർജ് ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള എയർ ഇന്ത്യയുടെയും തീരുമാനം.
പുതിയ നിരക്കനുസരിച്ച് ആഭ്യന്തര സർവീസുകളിൽ 1,001 മുതൽ 1,500 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് 850 രൂപയും, 1,500 കിലോമീറ്ററിന് മുകളിലുള്ള ദീർഘദൂര യാത്രകൾക്ക് 1,200 രൂപയുമാണ് ഫ്യുവൽ സർചാർജായി ഈടാക്കുക. അന്താരാഷ്ട്ര സർവീസുകളിലും നിരക്കിൽ വൻ വർധനവുണ്ട്. വടക്കേ അമേരിക്കയിലേക്കുള്ള വിമാനങ്ങൾക്ക് 215 അമേരിക്കൻ ഡോളറും, ഓസ്‌ട്രേലിയയിലേക്ക് 210 അമേരിക്കൻ ഡോളറും, ബ്രിട്ടൻ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്ക് 135 അമേരിക്കൻ ഡോളറുമാണ് പരിഷ്കരിച്ച സർചാർജ്.ഒക്ടോബർ 9 അർദ്ധരാത്രി മുതൽ എയർ ഇന്ത്യ എക്സ്പ്രസിലും രാവിലെ 11 മണി മുതൽ എയർ ഇന്ത്യയിലും നടത്തുന്ന പുതിയ ബുക്കിംഗുകൾക്ക് പരിഷ്കരിച്ച നിരക്ക് ബാധകമാണ്. ഒരു വിമാന സർവീസിന്റെ മൊത്തം പ്രവർത്തനച്ചെലവിന്റെ 40 ശതമാനത്തോളവും ഇന്ധനത്തിനായാണ് ചെലവാകുന്നത്. ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ കാരണം വർധിച്ചുവരുന്ന സാമ്പത്തിക ഭാരം താങ്ങാനാണ് ഈ വർധനവെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. ഇന്ധനവില ഇതേനിലയിൽ തുടർന്നാൽ വരുംദിവസങ്ങളിൽ ടിക്കറ്റ് നിരക്കുകൾ ഇനിയും ഉയർന്നേക്കും.