8, October, 2026
Updated on 8, October, 2026 4
ന്യൂഡൽഹി: അറുന്നൂറോളം വ്യത്യസ്ത തരം ചീസുകൾക്ക് ആഗോളതലത്തിൽ പേരു കേട്ട സ്വിറ്റ്‌സർലാന്റിന്റെ ഭരണതലവന് ഇന്ത്യയുടെ സ്വന്തം അപൂർവ്വ ചീസ് സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ സ്വിസ് പ്രസിഡന്റ് ഗൈ പർമെലിനാണ് നയതന്ത്ര സർപ്രൈസായി പ്രധാനമന്ത്രി മൂന്ന് വ്യത്യസ്ത തരം ആർട്ടിസാനൽ ചീസുകൾ സമ്മാനിച്ചത്.മുംബൈയിലെ പ്രശസ്തമായ 'എലഫ്തീരിയ' (Eleftheria) ക്രീമറിയിൽ മൗസം നരംഗ് നിർമ്മിച്ച 'ഗുൽമാർഗ്', 'കോണാർക്ക്', 'യൂർ' എന്നീ ചീസുകളാണ് പ്രധാനമന്ത്രി കൈമാറിയത്. ആഗോളതലത്തിൽ നിരവധി സ്വർണ്ണ മെഡലുകൾ വാരിക്കൂട്ടിയ ഉൽപ്പന്നങ്ങളാണിവ.ഫ്രഞ്ച് ബ്രീ സ്‌റ്റൈലിൽ തയ്യാറാക്കിയ ഹൃദയാകൃതിയിലുള്ള 'ഗുൽമാർഗ്', തഞ്ചാവൂർ-കോണാർക്ക് ശില്പകലയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട 'കോണാർക്ക്', സ്വിസ് പ്രശസ്ത ചീസായ ഗ്രുയറിന് (Gruyère) തുല്യമായി റോസ് ഇതളുകളും പെരുംജീരകവും ചേർത്ത് രൂപപ്പെടുത്തിയ 'യൂർ' എന്നിവയാണ് സമ്മാനപ്പൊതിയിലുണ്ടായിരുന്നത്.പാലിൽ നിന്ന് തൈരും വെണ്ണയും നെയ്യും ഉണ്ടാക്കുന്ന പരമ്പരാഗത ഭാരതീയ രീതിയേക്കാൾ ഉപരിയായി, ആഗോള തലത്തിൽ വൻ മേൽക്കോയ്മയുള്ള ചീസ് നിർമ്മാണ രംഗത്തും ഇന്ത്യ കൈവരിച്ച വൻ മുന്നേറ്റത്തിന്റെ തെളിവായി ഈ അപൂർവ്വ സമ്മാനം മാറി.