1, October, 2026
Updated on 1, October, 2026 7
വാഷിംഗ്ടൺ: അമേരിക്കൻ സൈന്യത്തിൽ വൻ അഴിച്ചുപണി പ്രഖ്യാപിച്ച് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. ജനറൽമാർ, അഡ്മിറലമാർ എന്നിവരുടെ എണ്ണത്തിൽ 20 ശതമാനം വെട്ടിക്കുറയ്ക്കൽ വരുത്തുമെന്ന് അദ്ദേഹം അറിയിച്ചു. സ്വയം പ്രവർത്തിക്കുന്നതും റോബോട്ടിക് സാങ്കേതികവിദ്യകൾ ഉൾപ്പെടുന്നതുമായ സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നതിന് പുതിയ 'ഫോർ-സ്റ്റാർ' കമാൻഡ് രൂപീകരിക്കുമെന്നും പ്രഖ്യാപനമുണ്ട്.ആധുനിക സൈനിക ചരിത്രത്തിലെ സമാധാനകാലത്തെ ഏറ്റവും വേഗമേറിയ മാറ്റമാണിതെന്ന് ഹെഗ്‌സെത്ത് വിശേഷിപ്പിച്ചു. വിർജീനിയയിലെ മറൈൻ കോർപ്‌സ് ബേസ് ക്വാണ്ടിക്കോയിൽ നടന്ന 'സ്റ്റേറ്റ് ഓഫ് ദി ഫോഴ്‌സ്' പ്രസംഗത്തിലാണ് അദ്ദേഹം നയം വ്യക്തമാക്കിയത്.
ഉന്നത തസ്തികകളിൽ നേരത്തെ പ്രഖ്യാപിച്ചിരുന്ന 10 ശതമാനം കുറവാണ് ഇപ്പോൾ 20 ശതമാനമായി ഉയർത്തിയത്. 2027 ജനുവരി ഒന്നിനകം ഇത് നടപ്പാക്കാൻ സൈനിക വിഭാഗങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഡ്രോൺ യുദ്ധമുറകളും ആളില്ലാ സംവിധാനങ്ങളും കൂടുതൽ നിർണായകമാകുന്ന സാഹചര്യത്തിലാണ് ഇവയ്ക്കായി പുതിയ ഫോർ-സ്റ്റാർ കമാൻഡ് വരുന്നത്. എന്നാൽ, ഇതിനു ഒരു മാസം മുൻപ് യൂറോപ്പിലെ പ്രത്യേക ഡ്രോൺ പരിശീലനം ലഭിച്ച യു.എസ്. ആർമി യൂണിറ്റിനെ പരമ്പരാഗത ഇൻഫന്ററി ബറ്റാലിയനായി മാറ്റിയത് വലിയ ചോദ്യമുയർത്തിയിരുന്നു. ഇതിൽ യു.എസ്. കോൺഗ്രസിലെ ഇരുപാർട്ടി അംഗങ്ങളും വിശദീകരണം ആവശ്യപ്പെട്ടിട്ടുമുണ്ട്.ഇറാനുമായുള്ള സംഘർഷം ശക്തിപ്പെടുന്നതിനിടെയാണ് ഈ നീക്കം. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ നിലനിൽക്കെ, ഇറാന്റെ ഡ്രോൺ-മിസൈൽ ആക്രമണങ്ങളിൽ നിന്ന് യു.എസ്. കേന്ദ്രങ്ങളെ സംരക്ഷിക്കാൻ വൻതുക ചെലവഴിക്കേണ്ടി വരുന്നുണ്ട്. ഇറാന്റെ നാവിക-വ്യോമസേനകളെയും അടിസ്ഥാന സൗകര്യങ്ങളെയും തകർത്തതായി ഹെഗ്‌സെത്ത് അവകാശപ്പെടുന്നുണ്ടെങ്കിലും, മേഖലയിൽ ഭീഷണി ഉയർത്താൻ ഇറാനു ഇപ്പോഴും സാധിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ.അതേസമയം, സൈനിക നേതൃത്വത്തെ വെട്ടിച്ചുരുക്കുന്ന തീരുമാനത്തിനെതിരെ യു.എസ്. കോൺഗ്രസിൽ നിന്ന് കടുത്ത വിമർശനമുയർന്നിട്ടുണ്ട്. മികച്ച സൈനിക നേതാക്കളെ പുറത്താക്കുന്നത് ഭാവിയിൽ വലിയ തിരിച്ചടിയാകുമെന്ന് ഡെമോക്രാറ്റിക് സെനറ്റർ മാർക്ക് കെല്ലി പ്രതികരിച്ചു. എന്നാൽ പ്രതിരോധ സെക്രട്ടറിയുടെ വിശദീകരണം കേട്ട ശേഷം തീരുമാനത്തെ വിലയിരുത്താമെന്നാണ് റിപ്പബ്ലിക്കൻ സെനറ്റർ മൈക്ക് റൗണ്ട്സ് വ്യക്തമാക്കിയത്.