28, September, 2026
Updated on 28, September, 2026 4
ടെഹ്‌റാന്‍: മാസങ്ങളായി തുടരുന്ന അമേരിക്ക- ഇറാന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ഏകമാര്‍ഗം നയതന്ത്ര ചര്‍ച്ച മാത്രമെന്നു ഇറാന്‍. സമാധാന കരാറിനായി ഇറാന്‍ മുന്നോട്ടുവെച്ച ഏഴുദിന നിര്‍ദേശം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തള്ളിക്കളഞ്ഞതിനു പിന്നാലെയായിരുന്നു ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുടെ ഈ പ്രതികരണം. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട ഏതൊരു നീക്കവും ഉപാധികള്‍ അംഗീകരിക്കുന്നതിനെ ആശ്രയിച്ചായിരിക്കുമെന്നും അരാഗ്ചി കൂട്ടിച്ചേര്‍ത്തു.
യു.എന്‍ പൊതുസഭയില്‍ ഖത്തറിന്റെ പ്രതിനിധിയാണ് കഴിഞ്ഞ ദിവസം ഇറാന്റെ സമാധാന നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. എന്നാല്‍ നിര്‍ദേശം പുറത്തു വന്നതിനു പിന്നാലെ മാധ്യമങ്ങളെ കണ്ട് ട്രംപ് ഈ നിര്‍ദ്ദേശം തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്നു അറിയിച്ചു. ഇറാന്റെ പരാജയവും നിരാശയുമാണ് ഇത്തരമൊരു കരാറിനായി അവരെ പ്രേരിപ്പിക്കുന്നതെന്ന് ട്രംപ് ആരോപിച്ചു.യു.എസ് ഔദ്യോഗികമായി ഇറാന്റെ നിര്‍ദ്ദേശം തള്ളിയ വിവരം മധ്യസ്ഥര്‍ ഇതുവരെ തങ്ങളെ അറിയിച്ചിട്ടില്ലെന്ന് അരാഗ്ചി പറഞ്ഞു. മധ്യസ്ഥരില്‍ നിന്നുള്ള അന്തിമ നിലപാടിനായി കാത്തിരിക്കുകയാണെന്നും അതിനനുസരിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.