27, September, 2026
Updated on 27, September, 2026 4
പശ്ചിമ നേപ്പാളിലെ മനാങ് ജില്ലയിലുള്ള ഹിംലങ് ഹിമാൽ പർവത ബേസ് ക്യാമ്പിലുണ്ടായ ഹിമപാതത്തിൽ പർവതാരോഹകർ അടക്കം 10 പേരെ കാണാതായി. ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. നാലുദിവസമായി തുടരുന്ന കനത്ത മഴയും മഞ്ഞുവീഴ്ചയും രാജ്യത്ത് പ്രളയത്തിനും ഉരുൾപൊട്ടലിനും കാരണമായിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് വിനോദസഞ്ചാര, പർവതാരോഹണ പ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തിവെക്കാൻ നേപ്പാൾ ടൂറിസം വകുപ്പ് നിർദേശം നൽകി.കനത്ത മഴയിൽ വിവിധ ജില്ലകളിലെ നദികൾ കവിഞ്ഞൊഴുകുന്നത് പ്രളയ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. രൂപന്ദേഹി ജില്ലയിൽ തിനൗ നദി കവിഞ്ഞൊഴുകി വീടുകൾ ഒലിച്ചുപോകുകയും ഒട്ടേറെ വീടുകൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു. നദീതീരങ്ങളിൽനിന്ന് ആയിരത്തോളം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ചിറ്റ്വാൻ, കർണാലി മേഖലകളിലും പ്രധാന നദികളിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ്.കഴിഞ്ഞ ഓഗസ്റ്റ് 26-നുണ്ടായ പ്രളയ ദുരന്തത്തിൽനിന്ന് നേപ്പാൾ ഇനിയും പൂർണമായി മുക്തമായിട്ടില്ല. ഔദ്യോഗിക കണക്കുകൾ പ്രകാരം മുൻപുണ്ടായ ദുരന്തത്തിൽ 1,453 പേർ മരണപ്പെടുകയും 5,285 പേരെ കാണാതാവുകയും ചെയ്തിരുന്നു. പ്രളയബാധിത പ്രദേശങ്ങളിൽനിന്ന് രക്ഷപ്പെടുത്തിയ ആയിരക്കണക്കിന് ആളുകൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്.