27, September, 2026
Updated on 27, September, 2026 5
യെമനിലെ ഹൂതി വിമതർ ആക്രമണം ശക്തമാക്കിയ പശ്ചാത്തലത്തിൽ സൗദി അറേബ്യയുടെ സുരക്ഷ ഉറപ്പാക്കാൻ കൂട്ടായ പ്രതിരോധ നടപടികൾ ശക്തമാക്കാൻ പാകിസ്താനും തുർക്കിയും. സൗദി, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങളിലെ പ്രതിരോധസേനാ മേധാവികൾ വെള്ളിയാഴ്ച റിയാദിൽ നടത്തിയ യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്.സൗദി അറേബ്യയുടെ സുരക്ഷ, പരമാധികാരം, പ്രാദേശിക അഖണ്ഡത എന്നിവ സംരക്ഷിക്കുന്നതിൽ കൂട്ടായ പ്രതിരോധത്തിനുള്ള പ്രതിബദ്ധത മൂന്ന് രാജ്യങ്ങളും ആവർത്തിച്ചതായി പാകിസ്താൻ സൈന്യം അറിയിച്ചു. കഴിഞ്ഞമാസം മൂന്ന് രാജ്യങ്ങളും ഒപ്പുവച്ച മക്ക പ്രതിരോധ കരാറിന്റെ ഭാഗമായാണ് പുതിയ തീരുമാനങ്ങൾ. സഖ്യത്തിലെ ഏതെങ്കിലും ഒരു രാജ്യത്തിനെതിരായ സായുധ ആക്രമണം മൂന്ന് രാജ്യങ്ങൾക്കെതിരായ ആക്രമണമായി കണക്കാക്കുമെന്നതാണ് മക്ക പ്രതിരോധ കരാറിലെ പ്രധാന വ്യവസ്ഥ. കരാറിലെ വ്യവസ്ഥകൾ പ്രായോഗിക സൈനിക സഹകരണത്തിലേക്ക് ഉടൻ മാറ്റുന്നതിനുള്ള നടപടികളും റിയാദ് യോഗത്തിൽ തീരുമാനിച്ചതായി പാകിസ്താൻ വ്യക്തമാക്കി.സൗദി അറേബ്യ നേരിടുന്ന സുരക്ഷാഭീഷണികളും മേഖലയിലെ നിലവിലെ സാഹചര്യങ്ങളും യോഗത്തിൽ വിശദമായി വിലയിരുത്തി. വിശുദ്ധ നഗരമായ മക്കയെയും സിവിലിയൻ, സാമ്പത്തിക അടിസ്ഥാനസൗകര്യങ്ങളെയും ലക്ഷ്യമിട്ട് ഹൂതികൾ നടത്തുന്ന ആക്രമണങ്ങളെ മൂന്ന് രാജ്യങ്ങളുടെയും പ്രതിരോധ മേധാവികൾ അപലപിച്ചു. സൈനിക രഹസ്യവിവരങ്ങൾ പരസ്പരം പങ്കുവയ്ക്കൽ, സൈനിക ഏകോപനം ശക്തിപ്പെടുത്തൽ, പ്രതിരോധ ശേഷികൾ പരസ്പരം സംയോജിപ്പിക്കൽ തുടങ്ങിയ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ചും ചർച്ച നടന്നു. മൂന്ന് രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ നേരത്തെ യു.എൻ. പൊതുസഭാ സമ്മേളനത്തിന്റെ ഭാഗമായി ന്യൂയോർക്കിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.ഇതിനിടെ, മുൻ ലെഫ്റ്റനന്റ് ജനറൽ നൗമാൻ മഹ്‌മൂദിനെ ത്രിരാഷ്ട്ര പ്രതിരോധസഖ്യത്തിന്റെ ആദ്യ സെക്രട്ടറി ജനറലായി പാകിസ്താൻ നിയമിച്ചിരുന്നു. ബുധനാഴ്ചയാണ് നിയമനം നടന്നത്. ഹൂതികൾക്കെതിരെ സൈനിക ഇടപെടൽ നടത്തുന്നതിലൂടെ മക്ക പ്രതിരോധ കരാർ പ്രാബല്യത്തിൽ കൊണ്ടുവരുമെന്ന് പാകിസ്താൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീട് സൈനിക നടപടിയുമായി മുന്നോട്ടുപോകുന്നതിൽ നിന്ന് പാകിസ്താൻ പിന്നോട്ടുപോയിരുന്നു. ഇത് സൗദി അറേബ്യയ്ക്ക് അതൃപ്തിയുണ്ടാക്കിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഹൂതി ഭീഷണി നേരിടാൻ സൗദി അമേരിക്കയുടെയും ഇസ്രയേലിന്റെയും സഹായം തേടിയതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.പുതിയ ധാരണയോടെ സൗദിയുടെ സുരക്ഷാ സംവിധാനത്തിൽ പാകിസ്താനും തുർക്കിയും കൂടുതൽ സജീവ പങ്കാളികളാകുമെന്നാണ് വിലയിരുത്തൽ. മേഖലയിലെ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ മൂന്ന് രാജ്യങ്ങൾ തമ്മിലുള്ള സൈനിക ഏകോപനം കൂടുതൽ ശക്തിപ്പെടുന്നതും ശ്രദ്ധേയമാണ്.