8, September, 2026
Updated on 8, September, 2026 6
അമേരിക്കയിലെത്തിയ സമ്പന്നരുടെ പട്ടികയിൽ ഇന്ത്യയുടെ മുന്നേറ്റം. മറ്റൊരു രാജ്യത്ത് ജനിച്ച് പിന്നീട് പ്രവർത്തനമേഖല അമേരിക്കയിലേക്ക് മാറ്റി ശതകോടീശ്വരന്മാരായവരിൽ ഏറ്റവും കൂടുതൽ പേർ ഇന്ത്യക്കാരാണെന്നാണ് ഫോബ്സിന്റെ പുതിയ റിപ്പോർട്ട്. ആകെ 144 കുടിയേറ്റ ശതകോടീശ്വരന്മാരാണ് അമേരിക്കയിലുള്ളത്. ഇവരുടെ സംയോജിത ആസ്തി 2.2 ട്രില്യൻ ഡോളറാണ്, ഏകദേശം 210 ലക്ഷം കോടി രൂപ. കഴിഞ്ഞ വർഷം 125 പേരും 1.3 ട്രില്യൻ ഡോളറിന്റെ ആസ്തിയുമായിരുന്നു ഉണ്ടായിരുന്നത്.2026ലെ പട്ടികയിൽ 19 ഇന്ത്യക്കാരാണ് ഇടംപിടിച്ചത്. 2022നെ അപേക്ഷിച്ച് 12 പേരുടെ വർധനയാണിത്. ഇസ്രയേലും തായ്‍വാനും 11 പേർ വീതം, ചൈന 9, കാനഡ 8, ഇറാൻ 7, ജർമനി 6, ഫ്രാൻസും യുകെയും 5 പേർ വീതവുമാണ് പട്ടികയിലുള്ളത്. ദക്ഷിണാഫ്രിക്കയിൽ ജനിച്ച ഇലോൺ മസ്കാണ് ഏറ്റവും ഉയർന്ന ആസ്തിയുള്ള കുടിയേറ്റ ശതകോടീശ്വരൻ. മസ്കിന്റെ ആസ്തി 927 ബില്യൻ ഡോളറാണ്. റഷ്യയിൽ നിന്നുള്ള സെർജി ബ്രിൻ 272 ബില്യൻ ഡോളറുമായി രണ്ടാമതും തായ്‍വാനിൽ നിന്നുള്ള ജെൻസൻ ഹുവാങ് 176 ബില്യൻ ഡോളറുമായി മൂന്നാമതുമാണ്.ഇന്ത്യക്കാരിൽ ടോപ് 10ൽ ആരുമില്ലെങ്കിലും 14-ാം സ്ഥാനത്തുള്ള വിനോദ് ഖോസ്ലയാണ് മുന്നിൽ. സൺ മൈക്രോസിസ്റ്റംസ് മേധാവിയായ വിനോദിന്റെ ആസ്തി 13.9 ബില്യൻ ഡോളറാണ്. 8.2 ബില്യൻ ഡോളർ ആസ്തിയുള്ള സെക്യൂരിറ്റി സോഫ്റ്റ്‍വെയർ രംഗത്തെ ജയ് ചൗധരി 25-ാം സ്ഥാനത്തുണ്ട്. രാകേഷ് ഗാംഗ്വാൾ, റൊമേഷ് ടി. വാധ്വാനി, കവിതാർക് റാം ശ്രീറാം, രാജീവ് ജെയിൻ, ഹേമന്ത് തനേജ, സഞ്ജയ് ഗജേന്ദ്ര, ജിതേന്ദ്ര മോഹൻ, ജ്യോതി ബൻസാൽ, ഡേവിഡ് പോൾ, രാജ് സർദാന, നികേഷ് അറോറ, സുന്ദർ പിച്ചൈ, കെ.ആർ. ശ്രീധർ, സഞ്ജയ് മെഹ്റോത്ര, സത്യ നാദേല്ല, നീരജ് സേഥി, ശ്യാം ശങ്കർ എന്നിവരും പട്ടികയിലുണ്ട്.പാക്കിസ്ഥാനിൽ നിന്നുള്ള രണ്ട് പേരാണ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. ഇതിൽ ഓട്ടോമോട്ടിവ് രംഗത്തെ ഷഹീദ് ഖാൻ 14.9 ബില്യൻ ഡോളർ ആസ്തിയുമായി 13-ാം സ്ഥാനത്താണ്. അമേരിക്കയിലെ ആകെ ശതകോടീശ്വരന്മാരിൽ 15 ശതമാനം പേരും കുടിയേറ്റക്കാരാണ്. ഫോബ്സ് പുറത്തുവിട്ട പുതിയ പട്ടികയിൽ 45 രാജ്യങ്ങളിൽ നിന്നുള്ളവരാണുള്ളത്; കഴിഞ്ഞ വർഷം ഇത് 42 രാജ്യങ്ങളായിരുന്നു. സ്പേസ്, സെർച്ച് എൻജിൻ, സെമികണ്ടക്ടർ രംഗങ്ങളിലാണ് ഇത്തവണ ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ വർധനയുണ്ടായത്. അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിൽ കുടിയേറ്റ സംരംഭകരുടെയും വ്യവസായികളുടെയും വലിയ സാന്നിധ്യമാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.