11, July, 2026
Updated on 11, July, 2026 3
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ നടന്ന അന്താരാഷ്ട്ര സെമിനാറിനിടെ ഇന്ത്യയുടെ തെറ്റായ ഭൂപടം പ്രദർശിപ്പിച്ചതിനെതിരെ ശക്തമായ പ്രതിഷേധവുമായി ഇന്ത്യൻ നയതന്ത്രജ്ഞ. ജമ്മു കശ്മീരിനെ പാകിസ്താന്റെ ഭാഗമായി ചിത്രീകരിക്കുന്ന ഭൂപടമാണ് വിദേശകാര്യ സെമിനാറിലെ പ്രസന്റേഷനിൽ ഉൾപ്പെടുത്തിയത്. ബംഗ്ലാദേശിലെ മുൻ ഇന്ത്യൻ ഹൈക്കമ്മീഷണർ താരിഖ് എ. കരീമിന്റെ പ്രസന്റേഷനിൽ ഈ തെറ്റായ ഭൂപടം പ്രത്യക്ഷപ്പെട്ട ഉടൻ തന്നെ ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ സെക്കൻഡ് സെക്രട്ടറി പൂജ കുമാരി ഝാ സദസ്സിൽ നിന്ന് എഴുന്നേറ്റ് ശക്തമായ ഭാഷയിൽ വിയോജിപ്പ് രേഖപ്പെടുത്തുകയായിരുന്നു.
പ്രദർശിപ്പിച്ചത് തെറ്റായ ഭൂപടമാണെന്നും ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യവും മാറ്റാനാകാത്തതുമായ ഭാഗമാണെന്നും പൂജ കുമാരി ഝാ സെമിനാറിൽ പരസ്യമായി വ്യക്തമാക്കി. ധാക്കയിലെ ബംഗ്ലാദേശ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസിൽ തിങ്കളാഴ്ച നടന്ന പ്രത്യേക സെമിനാറിലാണ് നാടകീയമായ ഈ സംഭവങ്ങൾ അരങ്ങേറിയത്. ദക്ഷിണേഷ്യൻ പ്രാദേശിക സഹകരണ സംഘടനയുടെ പുനരുജ്ജീവനവും പ്രാദേശിക കൂട്ടായ്മയും ചർച്ച ചെയ്യുന്നതിനായി സംഘടിപ്പിച്ച ചർച്ചാ വേദിയിലാണ് ഭൂപടത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് നടപടികൾ അൽപ്പനേരത്തേക്ക് തടസ്സപ്പെട്ടത്.