കോറോ ഹെൽത്തിൽ കൂട്ടപ്പിരിച്ചുവിടൽ; ഒത്തുതീർപ്പ് ധാരണ തെറ്റിച്ച് കമ്പനി, പ്രതിസന്ധിയിൽ എണ്ണൂറിലധികം ജീവനക്കാർ


4, July, 2026
Updated on 4, July, 2026 2


പ്രമുഖ ആരോഗ്യ പരിപാലന കമ്പനിയായ കോറോ ഹെൽത്തിൽ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട ഒത്തുതീർപ്പ് ധാരണകൾ ലംഘിക്കപ്പെട്ടതായി റിപ്പോർട്ട്. ചർച്ചകളിലെ ധാരണകൾ കാറ്റിൽപ്പറത്തി പിരിച്ചുവിടൽ നടപടികളുമായി മുന്നോട്ട് പോകാനാണ് കമ്പനി മാനേജ്‌മെന്റിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ജീവനക്കാർക്ക് മൂന്ന് മാസത്തെ ശമ്പളം നൽകിത്തുടങ്ങി. അതേസമയം, സ്വകാര്യ കമ്പനിയിലെ ഈ കൂട്ടപ്പിരിച്ചുവിടൽ വിഷയത്തിൽ സർക്കാരിന്റെ ഇടപെടലുകൾക്ക് നിയമപരമായ പരിധികളുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.പുതിയ ലേബർ കോഡ് അടിസ്ഥാനമാക്കിയാണ് പിരിച്ചുവിടൽ നടപടികൾ സ്വീകരിക്കുന്നതെന്നാണ് കമ്പനി അധികൃതരുടെ വാദം. എന്നാൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ലേബർ കോഡ് കേരളത്തിൽ ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ നിലവിലെ സംസ്ഥാന നിയമങ്ങൾ ലംഘിച്ചുള്ള നീക്കങ്ങൾ അംഗീകരിക്കാനാവില്ലെന്നാണ് ജീവനക്കാരുടെ പക്ഷം.തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ ചർച്ചകൾ നടത്തി കമ്പനിയെ കേരളത്തിൽ തന്നെ നിലനിർത്താനും പ്രവർത്തനം തുടരാൻ പ്രേരിപ്പിക്കാനുമാണ് സർക്കാർ നിലവിൽ ശ്രമിക്കുന്നത്. എന്നാൽ കേരളത്തിലെ പ്രവർത്തനം പൂർണ്ണമായും അവസാനിപ്പിച്ച് പിൻവാങ്ങുക എന്ന കടുത്ത നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കോറോ ഹെൽത്ത് മാനേജ്‌മെന്റ്. കമ്പനി ഈ തീരുമാനവുമായി മുന്നോട്ട് പോയാൽ എണ്ണൂറിലധികം ജീവനക്കാരുടെ തൊഴിൽ ഒറ്റയടിക്ക് ഇല്ലാതാകുമെന്നാണ് ആശങ്ക. ജീവനക്കാരുടെ ആശങ്കകൾ പരിഹരിക്കാൻ വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾ നടന്നേക്കും.

















Feedback and suggestions