5, July, 2026
Updated on 5, July, 2026 4
കേരളവും മഹാരാഷ്ട്രയും ഉൾപ്പെടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കനത്ത മഴയെ തുടർന്ന് ജനജീവിതം സ്തംഭിച്ചു. ഇരു സംസ്ഥാനങ്ങൾക്കും പുറമെ പശ്ചിമ ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, അടുത്ത നാലു ദിവസത്തിനുള്ളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം വടക്കൻ സംസ്ഥാനങ്ങളിലേക്ക് പൂർണമായി വ്യാപിക്കുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
ഡൽഹിയിൽ കാലവർഷം എത്തി രണ്ട് ദിവസത്തിന് ശേഷം നഗരത്തിന്റെ ചില ഭാഗങ്ങളിൽ നേരിയ തോതിൽ മഴ പെയ്തു. നേരിയ മഴയും ശക്തമായ കാറ്റും വെള്ളിയാഴ്ച വരെയെങ്കിലും തുടരുമെന്നാണ് പ്രവചനം. മഹാരാഷ്ട്രയിൽ വൈകിയെത്തിയ കാലവർഷത്തിൽ മുംബൈയിലും പരിസര പ്രദേശങ്ങളിലും നിരവധി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റോഡുകൾ ഇടിയുകയും മരങ്ങൾ കടപുഴകുകയും വീടുകൾ തകരുകയും ചെയ്തു. തുടർച്ചയായ മഴയെ തുടർന്ന് മുംബൈ നഗരത്തിലെ ഉച്ചയ്ക്ക് ശേഷം സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. റോഡുകൾ ഇടിയുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്തതോടെ വിവിധയിടങ്ങളിൽ പൊതുഗതാഗതം തടസപ്പെട്ടു. വെസ്റ്റേൺ റെയിൽവേ ലൈനിലെ ട്രാക്കുകളിൽ വെള്ളം കയറിയതോടെ ട്രെയിൻ സർവീസുകളെ ബാധിച്ചു. ബൈക്കുള്ളയിലെ ബാനെവാഡിയിൽ ഇരുനില കെട്ടിടം തകർന്ന് രണ്ടു പുരുഷന്മാർക്കും ഒരു സ്ത്രീക്കും പരിക്കേറ്റു. അയൽജില്ലയായ പാൽഗറിൽ ആറു വയസ്സുകാരൻ പ്രളയജലത്തിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു. വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളിൽ കുടുങ്ങിക്കിടന്ന 180-ലധികം ആളുകളെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.കേരളത്തിൽ ശക്തമായ കാറ്റോട് കൂടിയ കനത്ത മഴ പലയിടങ്ങളിലും നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്. നദികളിലും അണക്കെട്ടുകളിലും ജലനിരപ്പ് ഉയരുകയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാവുകയും ചെയ്തു. ഇടുക്കി ജില്ലയിൽ കനത്ത മഴയെ തുടർന്ന് അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതിനാൽ മുൻകരുതലെന്ന നിലയിൽ പാംബ്ല അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഞായറാഴ്ച രാത്രി 11.30 വരെ ശക്തമായ തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഗുജറാത്തിൽ ജൂനാഗഡിൽ ഉൾപ്പെടെ അതിശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. ചിലയിടങ്ങളിൽ കനത്ത വെള്ളപ്പൊക്കവുമുണ്ടായി. ജൂലൈ എട്ടു വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. ന്യൂനമർദ്ദം പശ്ചിമ ബംഗാൾ-ഒഡീഷ തീരത്തേക്ക് അടുക്കുന്നതിനാൽ ബംഗാളിലെ സൗത്ത് 24 പർഗാനാസ്, പൂർബ മേദിനിപൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജാർഗ്രാം, പശ്ചിം മേദിനിപൂർ, ഹൗറ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും നിലവിലുണ്ട്.കിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശിൽ, കാലാവസ്ഥ മാറിയതോടെ ശനിയാഴ്ച വെള്ളപ്പൊക്ക സ്ഥിതി ഗണ്യമായി മെച്ചപ്പെട്ടു. വെള്ളിയാഴ്ച മുതൽ പുതിയ ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. വെള്ളിയാഴ്ച മുതൽ കേയി പന്യോർ ജില്ലയിൽ നിന്ന് ഒരു പുതിയ വെള്ളപ്പൊക്ക സംഭവം മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ എന്ന് സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ അറിയിച്ചു. ജൂൺ 24-ലെ വെള്ളപ്പൊക്കത്തിൽ വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായതിനാൽ കേയി പന്യോർ ജില്ലയിലെ എൻഎച്ച്-13 ലെ ഹോജ്-പോട്ടിൻ സ്ട്രെച്ച് അടച്ചിട്ടിരുന്നു.