ട്രെയിനിൽ മണിയറ; വൈറലായ ആ ‘ഹണിമൂൺ യാത്ര’ ഉദ്യോഗസ്ഥന്റെ ജോലി തെറിപ്പിച്ചു!


9, July, 2026
Updated on 9, July, 2026 2


ഓടുന്ന ട്രെയിനിൽ മധുവിധുവിനായി ആഡംബര മണിയറയൊരുക്കിയ സംഭവത്തിൽ ചീഫ് ടിക്കറ്റ് ഇൻസ്‌പെക്ടർക്ക് സസ്‌പെൻഷൻ. നന്ദേഡ്ഗ്രാം എക്‌സ്‌പ്രസിന്റെ ഫസ്റ്റ് എസി കോച്ചിലാണ് ദമ്പതികൾക്കായി മണിയറ സജ്ജീകരിച്ചത്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് റെയിൽവേ ഗിരീഷ് കുമാർ എന്ന ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്.മഹാരാഷ്ട്രയിലെ ജൽനയിൽ നിന്നുള്ള ദമ്പതികൾക്ക് വേണ്ടിയാണ് ഒരു സ്വകാര്യ ഡെക്കറേഷൻ സ്ഥാപനം ട്രെയിൻ കമ്പാർട്ട്മെന്റ് മനോഹരമായി അലങ്കരിച്ചത്. ‘ഹണിമൂൺ ഓൺ വീൽസ്’ എന്ന പേരിൽ ഈ ദൃശ്യങ്ങൾ വലിയ തോതിൽ പ്രചരിച്ചതോടെ, സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും റെയിൽവേ പ്രോട്ടോക്കോളുകളെക്കുറിച്ചും നിരവധി പേർ സംശയങ്ങൾ ഉന്നയിച്ചു. അലങ്കാരങ്ങൾ തീപിടുത്തത്തിന് കാരണമാകുമോ എന്നും, യാത്രക്കാർക്ക് ഇത്തരത്തിൽ കോച്ചുകൾ അലങ്കരിക്കാൻ അനുവാദമുണ്ടോ എന്നും സമൂഹമാധ്യമങ്ങളിൽ ചോദ്യങ്ങൾ ഉയർന്നിരുന്നു.അതേസമയം, നിയമലംഘനം നടന്നിട്ടില്ലെന്നായിരുന്നു റെയിൽവേ ഉദ്യോഗസ്ഥരുടെ പ്രാഥമിക പ്രതികരണം. ദമ്പതികൾ രണ്ട് ബെർത്തുകളും ബുക്ക് ചെയ്തിരുന്നതിനാൽ അത് അവരുടെ സ്വകാര്യ ഇടമായി കണക്കാക്കാമെന്നും, അലങ്കാരങ്ങൾ ട്രെയിൻ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. അലങ്കാരങ്ങൾക്ക് റെയിൽവേയുടെ പ്രത്യേക അനുമതി ആവശ്യമില്ലെന്ന് സംഘാടകരും വാദിച്ചിരുന്നു.എങ്കിലും, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലും ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ വീഴ്ചയിലും റെയിൽവേ കർശന നിലപാട് സ്വീകരിക്കുകയായിരുന്നു. എന്തായാലും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടിയ ഈ ‘സഞ്ചരിക്കുന്ന ഹണിമൂൺ സ്യൂട്ട്’ സംഭവം ഒടുവിൽ ഉദ്യോഗസ്ഥന്റെ സസ്‌പെൻഷനിലാണ് കലാശിച്ചത്.




Feedback and suggestions