10, July, 2026
Updated on 10, July, 2026 1
ന്യൂഡൽഹി : ഇന്ത്യയിൽ അഭയം തേടിയ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകും. ഡിസംബറിൽ ജുഡീഷ്യൽ കോടതിക്ക് മുൻപിൽ കീഴടങ്ങുമെന്ന് ഷെയ്ഖ് ഹസീന പ്രഖ്യാപിച്ചു. അവിടെവെച്ച് താൻ അറസ്റ്റ് ചെയ്യപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തേക്കാമെന്നും അവർ വെളിപ്പെടുത്തി. തന്നെ കാത്തിരിക്കുന്നത് മരണമാണെങ്കിൽ പോലും സ്വന്തം മണ്ണിൽ വെച്ച് അത് സ്വീകരിക്കാൻ താൻ തയ്യാറാണെന്ന് ഹസീന വ്യക്തമാക്കി. റോയിട്ടേഴ്‌സ് വാർത്താ ഏജൻസിക്ക് നൽകിയ പ്രത്യേക ടെലിഫോൺ അഭിമുഖത്തിലാണ് 78-കാരിയായ ശൈഖ് ഹസീന തന്റെ ഭാവി രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ച് ആദ്യമായി വ്യക്തമായ സൂചന നൽകിയത്. 2024 ഓഗസ്റ്റിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിനൊടുവിൽ രാജ്യം വിടേണ്ടി വന്നതിന് ശേഷം ഇതാദ്യമായാണ് അവർ ബംഗ്ലാദേശിലേക്ക് മടങ്ങാനുള്ള കൃത്യമായ ഒരു സമയക്രമം പ്രഖ്യാപിക്കുന്നത്. തനിക്കൊപ്പം ഇന്ത്യയിലും മറ്റ് വിദേശ രാജ്യങ്ങളിലും നാടുകടത്തപ്പെട്ട അവസ്ഥയിൽ കഴിയുന്ന അവാമി ലീഗിന്റെ മുതിർന്ന നേതാക്കളും ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരികെ പോകുമെന്നും കോടതിക്ക് മുന്നിൽ സ്വമേധയാ കീഴടങ്ങുമെന്നും അവർ വ്യക്തമാക്കി.
തനിക്കെതിരെയുള്ള ഈ കേസുകളെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നും കപട വിചാരണകളെ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടാൻ താൻ ആഗ്രഹിക്കുന്നുവെന്നും ഹസീന കൂട്ടിച്ചേർത്തു. നിലവിൽ ബംഗ്ലാദേശിൽ അധികാരത്തിലുള്ള താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ഭരണകൂടം തന്റെ പാർട്ടിയായ അവാമി ലീഗിലെ നേതാക്കളെയും അണികളെയും ക്രൂരമായി വേട്ടയാടുകയാണെന്ന് ഹസീന ആരോപിച്ചു. തന്റെ മാതാപിതാക്കളും സഹോദരങ്ങളും വധിക്കപ്പെടുകയും അവരുടെ രക്തം വീഴുകയും ചെയ്ത ബംഗ്ലാദേശിന്റെ മണ്ണിൽ വെച്ച് തന്നെയായിരിക്കും തന്റെയും അന്ത്യമെന്ന് അവർ വികാരാധീനയായി പറഞ്ഞു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുൻ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമാൽ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളും തനിക്കൊപ്പം ബംഗ്ലാദേശിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതായും ഹസീന വെളിപ്പെടുത്തി.
തങ്ങളെ ജനാധിപത്യപരമായി നേരിടാൻ സർക്കാരിന് ഭയമാണെന്നും രാജ്യത്ത് നിയമവാഴ്ചയും മനുഷ്യാവകാശങ്ങളും തകർന്നതായും ഹസീന കുറ്റപ്പെടുത്തി. അതേസമയം, ഹസീനയെ വിട്ടുകിട്ടണമെന്ന ബംഗ്ലാദേശിന്റെ ശക്തമായ ആവശ്യങ്ങൾക്കിടയിലും ഇന്ത്യയിലെ നയതന്ത്ര കേന്ദ്രങ്ങൾ ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഭാരതത്തിൽ തുടരുന്നതിനിടയിൽ അണികളോട് സംസാരിക്കാൻ ഹസീനയ്ക്ക് അനുവാദം നൽകുന്നതിൽ ധാക്ക നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. അവാമി ലീഗ് ഒരു രാഷ്ട്രീയ പാർട്ടി മാത്രമല്ലെന്നും അത് ബംഗ്ലാദേശിന്റെ വിമോചന ചരിത്രത്തിന്റെ ഭാഗമായ ഒരു വലിയ വികാരമാണെന്നും പറഞ്ഞ ഹസീന, ജനാധിപത്യം പുനഃസ്ഥാപിക്കാനായി താൻ ഏത് തടവറയും നേരിടാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ബംഗ്ലാദേശ് രാഷ്ട്രീയത്തെ വീണ്ടും ഉലച്ചിരിക്കുകയാണ്.