5, July, 2026
Updated on 5, July, 2026 3
ന്യൂഡൽഹി : ഡൽഹിയിലും സമീപ പ്രദേശങ്ങളിലും പെയ്ത കനത്ത മഴയെയും ശക്തമായ കാറ്റിനെയും തുടർന്ന് വ്യോമഗതാഗതം പൂർണ്ണമായും തകിടം മറിഞ്ഞു. മോശം കാലാവസ്ഥയെ തുടർന്ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന അഞ്ച് അന്താരാഷ്ട്ര സർവീസുകളും പത്ത് ആഭ്യന്തര സർവീസുകളും ഉൾപ്പെടെ ആകെ 15 വിമാനങ്ങളാണ് അടിയന്തരമായി മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടത്. ഡൽഹിയിൽ ഞായറാഴ്ച ഉച്ചയോടെയാണ് പെട്ടെന്ന് കാലാവസ്ഥ മാറിയതും ഇടിയോടുകൂടിയ ശക്തമായ മഴ ആരംഭിച്ചതും. വിമാനത്താവള പരിസരത്ത് ശക്തമായ കാറ്റും കുറഞ്ഞ ദൃശ്യപരതയും അനുഭവപ്പെട്ടതോടെ സുരക്ഷിതമായി ലാൻഡിംഗ് നടത്താൻ സാധിക്കാതെ വരികയായിരുന്നു. ഇതിനെത്തുടർന്നാണ് വിമാനങ്ങൾ ജയ്‌പൂർ, ലഖ്‌നൗ തുടങ്ങിയ സമീപ നഗരങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടാൻ എയർ ട്രാഫിക് കൺട്രോൾ വിഭാഗം നിർദ്ദേശം നൽകിയത്.
പെട്ടെന്നുണ്ടായ ഈ പ്രതിസന്ധി ഡൽഹി വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുകയും നിരവധി സർവീസുകൾ വൈകുന്നതിന് കാരണമാവുകയും ചെയ്തു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് എയർപോർട്ട് അധികൃതർ യാത്രക്കാർക്കായി പ്രത്യേക നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെ ഗ്രൗണ്ട് ടീമുകൾ യാത്രക്കാരുടെ സുഗമമായ നീക്കത്തിനായി മറ്റ് ഏജൻസികളുമായി ചേർന്ന് സജീവമായി രംഗത്തുണ്ടെന്നും റോഡ് മാർഗമുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വിമാനത്താവളത്തിലേക്ക് വരുന്നവർ ഡൽഹി മെട്രോ സർവീസ് പരമാവധി പ്രയോജനപ്പെടുത്തണമെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം ഡൽഹിയിൽ വരും ദിവസങ്ങളിലും ഇടിയോടുകൂടിയ ഇടത്തരം മഴയും ശക്തമായ കാറ്റും തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ ഡൽഹിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത മഴയെ തുടർന്ന് നഗരത്തിലെ പല താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ഗതാഗതക്കുരുക്കുണ്ടാകാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.