കേന്ദ്ര മന്ത്രാലയ സെക്രട്ടറിമാരുടെ അടിയന്തര ഉന്നതതല യോഗം വിളിച്ച് മോദി


30, June, 2026
Updated on 30, June, 2026 2



ന്യൂഡൽഹി : കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും സെക്രട്ടറിമാരുടെ അടിയന്തര ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്ച വൈകുന്നേരം 4:30ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ക്രമീകരിച്ചിരിക്കുന്നത്. സീഷെൽസിലെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി തിരികെയെത്തിയ തൊട്ടടുത്ത ദിവസമാണ് പ്രധാനമന്ത്രി രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരിക്കുന്നത്. രണ്ട് മാസത്തിനിടയിൽ രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി നടത്തുന്ന രണ്ടാമത്തെ വലിയ ഔദ്യോഗിക കൂടിക്കാഴ്ചയാണിത്. വരാനിരിക്കുന്ന കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയുടെ പശ്ചാത്തലത്തിൽ കൂടിയാണ് ഈ ഉന്നത തല യോഗം നടക്കുന്നത്.2047-ഓടെ വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള കർമ്മപദ്ധതികളാണ് യോഗത്തിന്റെ പ്രധാന അജണ്ട.കേന്ദ്ര സർക്കാർ അടുത്തിടെ റെയിൽവേ ഉൾപ്പെടെയുള്ള വിവിധ മന്ത്രാലയങ്ങളിലായി പ്രഖ്യാപിച്ച ​'52 ആഴ്ചയിൽ 52 പരിഷ്‌കാരങ്ങൾ' പദ്ധതിയുടെ പുരോഗതി ഈ യോഗത്തിൽ പ്രധാനമന്ത്രി വിലയിരുത്തും. ഓരോ പരിഷ്‌കാരങ്ങളും നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ പൂർത്തിയാക്കുന്നുണ്ടെന്ന് അദ്ദേഹം ഉറപ്പുവരുത്തും. വ്യവസായങ്ങൾ സുഗമമാക്കുന്നതിനും സാധാരണക്കാരുടെ ജീവിതസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും ആവശ്യമായ അടുത്ത തലമുറ പരിഷ്‌കാരങ്ങളെക്കുറിച്ച് യോഗത്തിൽ തീരുമാനമുണ്ടാകും. കൂടാതെ ഭരണനിർവ്വഹണം കൂടുതൽ സുതാര്യവും വേഗതയേറിയതുമാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മറ്റ് അത്യാധുനിക ഡിജിറ്റൽ സാങ്കേതികവിദ്യകൾ എന്നിവ സർക്കാർ സംവിധാനങ്ങളിൽ എങ്ങനെ ഫലപ്രദമായി സംയോജിപ്പിക്കാം എന്നതും ചർച്ചയാകും.യോഗത്തിൽ വിവിധ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാർ തങ്ങളുടെ വകുപ്പുകളുടെ പ്രവർത്തനങ്ങളെക്കുറിച്ചും നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികളെക്കുറിച്ചും വിശദമായ പ്രസന്റേഷനുകൾ അവതരിപ്പിക്കും. കഴിഞ്ഞ മെയ് 21-ന് നടന്ന യോഗത്തിൽ മോശം പ്രകടനം കാഴ്ചവെച്ച ചില മന്ത്രാലയങ്ങളോട് തിരുത്തൽ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടിരുന്നു. അതിന്റെ പുരോഗതിയും ഇതോടൊപ്പം വിലയിരുത്തും. രാജ്യത്തിന്റെ ജി.ഡി.പി വളർച്ചാ നിരക്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ 7.8 ശതമാനമായും വാർഷിക വളർച്ച 7.7 ശതമാനമായും ഉയർന്ന പശ്ചാത്തലത്തിൽ, സാമ്പത്തിക മുന്നേറ്റത്തിന്റെ വേഗത നിലനിർത്താൻ ആവശ്യമായ ഘടനാപരമായ മാറ്റങ്ങളും യോഗം ചർച്ച ചെയ്യും.











Feedback and suggestions