മെറ്റയുടെ അൽഗോരിതത്തിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ നിർദ്ദേശം ; ഡീപ്‌ഫെയ്ക്കുകൾക്കും വ്യാജ പ്രചാരണങ്ങൾക്കും തടയിടും


8, August, 2026
Updated on 8, August, 2026 6




ന്യൂഡൽഹി : ഡീപ്‌ഫെയ്ക്കുകൾ, നിർമ്മിത ബുദ്ധി (AI) വഴി നിർമ്മിച്ച തെറ്റിദ്ധരിപ്പിക്കുന്ന ചിത്രങ്ങൾ, കുട്ടികൾക്കെതിരായ ലൈംഗിക ഉള്ളടക്കങ്ങൾ (CSAM), വ്യാജ പ്രചാരണങ്ങൾ എന്നിവ തടയുന്നതിനായി പ്ലാറ്റ്‌ഫോം ആൽഗരിതങ്ങളിൽ കാതലായ മാറ്റങ്ങൾ വരുത്താൻ സോഷ്യൽ മീഡിയ ഭീമനായ മെറ്റയോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രാലയം (MeitY) ഉദ്യോഗസ്ഥരും മെറ്റയുടെ ആഗോള സാങ്കേതിക സംഘവും തമ്മിൽ ഡൽഹിയിൽ നടന്ന തുടർച്ചയായ കൂടിക്കാഴ്ചകൾക്ക് ശേഷമാണ് ഈ കർശന നിർദ്ദേശം പുറപ്പെടുവിച്ചത്. ഉപയോക്താക്കൾക്ക് ഉള്ളടക്കങ്ങൾ നിർദ്ദേശിക്കുന്ന സംവിധാനങ്ങൾ തിരുത്താനും, വ്യാജ പ്രചാരണങ്ങളും വിദ്വേഷ ഉള്ളടക്കങ്ങളും വൈറലാകുന്നത് തടയാനുമുള്ള വിശദമായ ആക്ഷൻ പ്ലാനും ടൈംലൈനും സമർപ്പിക്കാൻ കേന്ദ്രം മെറ്റയോട് ആവശ്യപ്പെട്ടിട്ടുണ്ട്.


​പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് പോസ്റ്റ് ആൽഗരിതം പിശകുമൂലം തടസ്സപ്പെട്ട സംഭവത്തിന് പിന്നാലെയാണ് മെറ്റയ്‌ക്കെതിരെ കേന്ദ്ര സർക്കാർ നിരീക്ഷണം ശക്തമാക്കിയത്. ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവിന്റെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ നടന്ന ചർച്ചകളിൽ മെറ്റയുടെ ആഗോള മേധാവി ജോയൽ കപ്ലാൻ അടക്കമുള്ളവർ പങ്കെടുത്തു. ഇന്ത്യയുടെ വിവരസാങ്കേതിക നിയമങ്ങളും ഭരണഘടനാ തത്വങ്ങളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും, സർക്കാരിന്റെ വിവിധ വകുപ്പുകളിലെ ക്വിക് റെസ്‌പോൺസ് ടീമുകളുമായി (QRT) ചേര്‍ന്ന് വ്യാജ സന്ദേശങ്ങളും വ്യാജ ദൃശ്യങ്ങളും തത്സമയം നീക്കം ചെയ്യാനുള്ള സംവിധാനം ഒരുക്കണമെന്നും സർക്കാർ നിർദ്ദേശിച്ചു. കൂടാതെ, ഇന്ത്യാക്കാരുടെ വിവരങ്ങൾ രാജ്യത്ത് തന്നെ സൂക്ഷിക്കുന്ന ഡാറ്റാ ലോക്കലൈസേഷൻ നിയമങ്ങൾ കൃത്യമായി പാലിക്കാനും മെറ്റയോട് ആവശ്യപ്പെട്ടിട്ടുണ്ട്.


കമ്പനിയുടെ കണ്ടന്റ് മോഡറേഷൻ സംവിധാനങ്ങൾ വ്യക്തിപരമായ ഉള്ളടക്കങ്ങളിൽ അമിതമായി ഇടപെടുന്നുവെന്നും, എന്നാൽ ഇത്തരം വ്യാജ ദൃശ്യങ്ങൾ തടയുന്നതിൽ പരാജയപ്പെടുന്നുവെന്നും ചൂണ്ടിക്കാട്ടിയ സർക്കാർ, പ്രാദേശിക ഭാഷകൾ അറിയാവുന്ന മനുഷ്യ ജീവനക്കാരുടെ മേൽനോട്ടം വർദ്ധിപ്പിക്കണമെന്നും വ്യക്തമാക്കി. ഇടനിലക്കാർക്കുള്ള 'സേഫ് ഹാർബർ' സൌകര്യവും നിയമപരമായ സംരക്ഷണവും തുടരണമെങ്കിൽ ഇന്ത്യൻ നിയമങ്ങൾ പൂർണ്ണമായി അനുസരിക്കാൻ തയാറാകണമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി. സർക്കാരിന്റെ ഉത്കണ്ഠകളെ ഗൗരവത്തോടെ കാണുന്നുവെന്നും ഡീപ്‌ഫെയ്ക്കുകളും വ്യാജ അക്കൗണ്ടുകളും തടയാൻ സാങ്കേതിക മുന്നൊരുക്കങ്ങൾ വേഗത്തിലാക്കുമെന്നും മെറ്റ പ്രതിനിധികൾ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്.




Feedback and suggestions