7, August, 2026
Updated on 7, August, 2026 4
ന്യൂഡൽഹി : യുക്രെയ്നിലെ ഒഡേസ തുറമുഖത്തിന് സമീപം കരിങ്കടലിൽ ചരക്കുകപ്പലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ കാണാതായ രണ്ട് ഇന്ത്യൻ നാവികരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ജൂലൈ 25-നാണ് എം.വി എ.ജി.എൻ റാഗ്നർ എന്ന ചരക്കുകപ്പലിന് നേരെ ആക്രമണമുണ്ടായതും ദീപക് കുമാർ ഗുപ്ത (22), രാമചന്ദ്ര എന്നീ ഇന്ത്യൻ നാവികരെ കാണാതായതും. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിൽ വിദേശകാര്യ മന്ത്രാലയവും ഡയറക്ടറേറ്റ് ജനറൽ ഓഫ് മരിടൈം അഡ്മിനിസ്ട്രേഷനും സംയുക്തമായി സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. ഉക്രേനിയൻ അധികൃതർ, റൊമാനിയൻ കോസ്റ്റ് ഗാർഡ്, മാരിടൈം റെസ്ക്യൂ കോഓർഡിനേഷൻ സെന്റർ എന്നിവരുടെ നേതൃത്വത്തിൽ ആഗസ്റ്റ് 5 വരെ തിരച്ചിൽ നടത്തിയെങ്കിലും നാവികരെ കണ്ടെത്താനായില്ലെന്നും നിലവിൽ പുതിയ വിവരങ്ങൾ ലഭിക്കുന്നത് വരെ കടലിലെ തിരച്ചിൽ താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
കാണാതായ ദീപക് കുമാർ ഗുപ്തയുടെ സഹോദരൻ സന്ദീപ് കുമാർ ഗുപ്ത സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് പരമോന്നത കോടതി വിഷയം വീണ്ടും ചർച്ച ചെയ്തത്. അപകടത്തിന് പിന്നാലെ ജൂലൈ 26 നും 30 നും ഇടയിൽ വിദേശകാര്യ മന്ത്രാലയത്തിനും ഉക്രെയ്‌നിലെയും റൊമാനിയയിലെയും ഇന്ത്യൻ എംബസികൾക്കും നിരന്തരം അപേക്ഷകൾ നൽകിയിട്ടും കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ തുടർന്ന് നയതന്ത്ര ചാനലുകൾ വഴി കാര്യക്ഷമമായ അന്വേഷണം നടത്താൻ സുപ്രീം കോടതി മുൻപ് കേന്ദ്രത്തോട് നിർദ്ദേശിച്ചിരുന്നു. സഭയിൽ കേസ് പരിഗണിക്കവെ, കാണാതായ നാവികരുടെ തൊഴിൽ കരാറുകളിൽ ഇൻഷുറൻസ് പരിരക്ഷ ഉൾപ്പെട്ടിട്ടുള്ളതിനാൽ അവരുടെ കുടുംബങ്ങൾക്ക് അർഹമായ ഇൻഷുറൻസ് ആനുകൂല്യങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ബെഞ്ച് സർക്കാരിനോട് നിർദ്ദേശിച്ചു.
അതേസമയം, എംബസിയുടെ ഭാഗത്തുനിന്നും കാര്യക്ഷമമായ തിരച്ചിൽ നടന്നിട്ടില്ലെന്ന ഹർജിക്കാരന്റെ അഭിഭാഷകന്റെ ആരോപണത്തെ സോളിസിറ്റർ ജനറൽ എതിർത്തു. അപകടം നടന്ന് ദിവസങ്ങൾ പിന്നിട്ട സാഹചര്യത്തിൽ കടലിൽ തിരച്ചിൽ തുടരുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും എന്നാൽ അന്താരാഷ്ട്ര അന്വേഷണ ഏജൻസികളുമായും മറ്റ് ബന്ധപ്പെട്ട അധികൃതരുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. ഉത്തർപ്രദേശിലെ ബറേലിയിൽ സ്ഥിരതാമസമാക്കിയ ബീഹാർ സ്വദേശിയായ ദീപക് കുമാർ ഗുപ്ത കപ്പലിൽ ഓർഡിനറി സീമാനായി ജോലി ചെയ്തു വരികയായിരുന്നു. കരിങ്കടൽ മേഖലയിൽ ചരക്കുകപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചുവരുന്നത് ഇന്ത്യൻ നാവികരുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കകൾ ഉയർത്തുന്നുണ്ട്.